

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ നിര്‍ണായക മുഖമായിരുന്നു അരുണ്‍ ജെയ്റ്റലി. അഭിഭാഷക രംഗത്തുനിന്നും രാഷ്ട്രീയത്തില്‍ എത്തിയ ജെയ്റ്റലി മോദിയുടെ ഏറ്റവും വിശ്വസ്തനുമായിരുന്നു. ബിജെപിയുടെ സാമ്പത്തിക നയപരിഷ്‌കരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ജെയ്റ്റലിയെയാണ് നിര്‍ണായകമായ ധനവകുപ്പ് നല്‍കുക വഴി മോദി തെരഞ്ഞെടുത്തത്.
സര്‍ക്കാരിന്റെ തുടക്കകാലത്ത് ധനവകുപ്പിന് പുറമേ സുപ്രധാനമായ രാജ്യരക്ഷ വകുപ്പിന്റെ ചുമതലയും മോദി ജെയ്റ്റലിക്ക് നല്‍കി. മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തിലെ സുപ്രധാന ചുവടുവെയ്പായി ഉയര്‍ത്തിക്കാണിക്കുന്ന ചരക്കുസേവന നികുതി( ജിഎസ്ടി) നടപ്പാക്കുന്നതില്‍ ജെയ്റ്റലി നിര്‍ണായക പങ്കാണ് വഹിച്ചത്. ജിഎസ്ടി നടപ്പാക്കുന്നത് സങ്കീര്‍ണത സൃഷ്ടിക്കുമെന്ന വാദമുഖം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നപ്പോഴും, പിന്നോട്ടുപോകാന്‍ ജെയ്റ്റലി തയ്യാറായില്ല. നികുതിപരിഷ്‌കരണ രംഗത്ത് ഘടനാപരമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കുന്ന ജിഎസ്ടി സമയബന്ധിതമായാണ് അദ്ദേഹം നടപ്പിലാക്കിയത്.
വിദേശത്തുളള കളളപ്പണം തിരിച്ചുകൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നത് ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. കളളപ്പണം തടയുന്നതിന് ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച സുപ്രധാന സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ ഒന്നായ നോട്ടുനിരോധനത്തിലും ജെയ്റ്റലിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ആവര്‍ത്തിച്ച് വാര്‍ത്താസമ്മേളനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ ന്യായീകരിച്ച് ജെയ്റ്റലി പ്രതിരോധമതില്‍ തീര്‍ത്തു.അഴിമതിക്കാര്‍ക്കും കളളപ്പണം വെളുപ്പിക്കുന്നവര്‍ക്കും എതിരെയുളള ജനങ്ങളുടെ യുദ്ധപ്രഖ്യാപനമായാണ് നോട്ടുനിരോധനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചതും അരുണ്‍ ജെയ്റ്റലി ധനമന്ത്രിയായിരുന്ന സമയത്താണ്. ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ ഒരു പതിവാണ് ജെയ്റ്റലി നിര്‍ത്തിയത്. പൊതുബജറ്റിന്റെ തീയതി നേരത്തെയാക്കാന്‍ തീരുമാനിച്ചതാണ് മറ്റൊരു സുപ്രധാന ഇടപെടല്‍. പൊതു ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ എടുത്ത തീരുമാനത്തിലും നിര്‍ണായ പങ്കുവഹിച്ചത് ജെയ്റ്റലിയാണ്. ഇതുവഴി ഒരു സാമ്പത്തികവര്‍ഷത്തേക്കുളള പദ്ധതിപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ജെയ്റ്റലി വാദിച്ചു. കമ്പനികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍, ഇന്‍സോള്‍വന്‍സി ,പാപ്പരത്വ നിയമങ്ങളും ജെയ്റ്റലിയുടെ കാലത്താണ് യാഥാര്‍ത്ഥ്യമായത്. ആസൂത്രണകമ്മീഷന് പകരം നീതി ആയോഗ് എന്ന പുതിയ സംവിധാനം അവതരിപ്പിക്കുന്നതിലും മോദിക്ക് ഉറച്ചപിന്തുണയുമായി ജെയ്റ്റലി പിന്നില്‍ നിലയുറപ്പിച്ചിരുന്നു.
1952ല്‍ ജനിച്ച ജെയ്റ്റലി എബിവിപിയിലൂടെയാണ് ബിജെപിയില്‍ സജീവമായത്. 1980ല്‍ ബിജെപിയില്‍ ചേര്‍ന്നു.അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകനായിരുന്ന ജെയ്റ്റലിയെ 1991ല്‍ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്തു. 1999ല്‍ ബിജെപിയുടെ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വാര്‍ത്താവിതരണം, നിയമം, കമ്പനികാര്യം എന്നി മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ പ്രത്യേക മന്ത്രാലയം രൂപീകരിച്ചപ്പോള്‍ അതിന്റെ തലപ്പത്ത് നിയമിക്കാന്‍ വാജ്‌പേയ് മറ്റൊരു പേരും ആലോചിച്ചില്ല. അങ്ങനെ ഈ മന്ത്രാലയത്തിന്റെ ആദ്യ ചുമതല വഹിച്ച മന്ത്രിയെന്ന പേരും ജെയ്റ്റലിക്ക് സ്വന്തം. 2009-2012 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് പുറമേ ക്രിക്കറ്റ് ഉള്‍പ്പെടെ മറ്റു മേഖലകളിലും അദ്ദേഹം വ്യാപൃതനായിരുന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates