മീററ്റ്: കോവിഡ് 19നെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എട്ട് മാസം ഗർഭിണിയായ യുവതിയും ഭർത്താവും നടന്നത് 100 കിലോമീറ്റർ. വകിൽ, യാസ്മീൻ എന്നീ ദമ്പതികളാണ് ആഹാരം പോലും കഴിക്കാതെ ഇത്രയും ദൂരം യാത്ര ചെയ്തത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സഹറാൻപുരിൽ നിന്ന് ബുലന്ദ്ഷറിലേക്കാണ് ഇരുവരും കാൽനടയായി സഞ്ചരിച്ചത്.
കൈയിൽ പണമില്ലാത്തതിനെ തുടർന്ന് ഭക്ഷണം പോലും കഴിക്കാതെയായിരുന്നു വകിലും യാസ്മീനും നടന്നത്. സൊഹ്രാഭ് ഗേറ്റ് ബസ് സ്റ്റാൻഡിൽ വകിലിനെയും യാസ്മീനെയും കണ്ട പ്രദേശവാസികളായ നവീൻ കുമാറും രവീന്ദ്രയും നൗചാന്ദി പൊലീസിൽ വിവരം അറിയിച്ചു.
പിന്നീട് നാട്ടുകാർ ഇവർക്ക് ഭക്ഷണവും കുറച്ച് പണവും നൽകി. ആംബുലൻസിൽ ഇവരുടെ ഗ്രാമത്തിലെത്താനുള്ള ക്രമീകരണവും നാട്ടുകാർ ഒരുക്കിയെന്നും സ്റ്റേഷൻ ചുമതലയുള്ള അശുതോഷ് കുമാർ പറഞ്ഞു. ഫാക്ടറി തൊഴിലാളിയായ വകിൽ ഭാര്യയെയും കൂട്ടി 100 കിലോമീറ്ററാണ് നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫാക്ടറി ഉടമ അനുവദിച്ച റൂമിലാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഇവിടെ നിന്ന് ഒഴിഞ്ഞു പോകാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നെന്നുമാണ് യാസ്മീൻ പറയുന്നത്. നാട്ടിലേക്ക് പോകാനുള്ള പണം അദ്ദേഹം തന്നില്ലെന്നും അവർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates