

ഭോപ്പാൽ: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മധ്യപ്രദേശിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും. കോൺഗ്രസ് സർക്കാരിനോട് നാളെ വിശ്വാസ വോട്ട് തേടാൻ ഗവർണർ ലാൽജി ടണ്ഠൻ ആവശ്യപ്പെട്ടു. സ്പീക്കർ നർമദ പ്രസാദ് പ്രജാപതിയോടാണ് ഗവർണർ ഇക്കാര്യം ആവശ്യപ്പെട്ടത്. ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായത്.
നാളെ രാവിലെ 11 ന് ഗവർണറുടെ പ്രസംഗത്തിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ഗവർണർ സ്പീക്കർക്ക് നിർദേശം നൽകി. എംഎൽഎമാർ ബട്ടൺ പ്രസ്സ് ചെയ്തുകൊണ്ടുള്ള വോട്ടെടുപ്പാണ് നടത്തേണ്ടത്. മറ്റു രീതികൾ സ്വീകാര്യമല്ല. വോട്ടെടുപ്പ് നടപടികൾ നാളെത്തന്നെ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കണമെന്ന് ഗവർണർ നിർദേശം നൽകി.
വിശ്വാസ വോട്ടെടുപ്പ് വീഡിയോയിൽ പകർത്തണം. വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കുകയോ, വൈകിക്കുകയോ, സസ്പെൻഡ് ചെയ്യുകയോ ചെയ്യരുതെന്നും ഗവർണർ ഉത്തരവ് നൽകിയിട്ടുണ്ട്. ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന ആറ് മന്ത്രിമാരുടെ രാജി സ്പീക്കർ ഇന്നലെ സ്വീകരിച്ചിരുന്നു. വിമത എംഎൽഎമാരുടെ രാജി കൂടി സ്പീക്കർ സ്വീകരിച്ചാൽ കമൽനാഥ് സർക്കാർ സഭയിൽ ന്യൂനപക്ഷമാകും.
ഇതോടെ 107 എംഎൽഎമാരുള്ള ബിജെപി നിയമസഭയിലെ എറ്റവും വലിയ ഒറ്റക്കക്ഷിയാകും. സർക്കാർ നിലനിർത്താൻ കമൽനാഥും കോൺഗ്രസും എല്ലാ അടവുകളും പ്രയോഗിക്കുകയാണ്. വിമത പക്ഷത്തുള്ള എംഎൽഎമാർക്ക് മന്ത്രി പദവി അടക്കമുള്ള വാഗ്ദാനങ്ങളാണ് കമൽനാഥ് മുന്നോട്ടുവെച്ചിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പ് നിഷ്പ്രയാസം മറികടക്കാനാകുമെന്ന് മുഖ്യമന്ത്രി കമൽനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കോൺഗ്രസിന് കനത്ത പ്രഹരം സമ്മാനിച്ച് സിന്ധ്യ കോൺഗ്രസ് പാളയത്തിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates