ന്യൂഡല്‍ഹി: കോവിഡ് മഹാമാരി രാജ്യത്തെ അസംഘടിത മേഖലയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 40 കോടി ജനങ്ങള്‍ പട്ടിണിയിലേക്ക് പതിക്കാമെന്ന് ഐക്യരാഷ്ട്ര സഭയുടെ കീഴിലുളള ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ കോവിഡ് മഹാമാരി സമ്പദ് വ്യവസ്ഥകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മുഖാന്തരം 270 കോടി തൊഴിലാളികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇന്ത്യക്ക് പുറമേ നൈജീരിയ, ബ്രസീല്‍ തുടങ്ങി ജനസംഖ്യ ഏറെയുളള രാജ്യങ്ങളെയും കോവിഡ്് വ്യാപനം ബാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം തടയുന്നിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം ലക്ഷകണക്കിന് തൊഴിലാളികളാണ് പ്രയാസം നേരിടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയില്‍ 90 ശതമാനം ജനങ്ങളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇത് രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയുടെ 40 കോടി വരും. ഇവര്‍ പട്ടിണിയിലേക്ക് നീങ്ങുന്ന ദുരവസ്ഥയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരാമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ സവിശേഷ ശ്രദ്ധ പതിപ്പിക്കണം. ഇവരെ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഏപ്രില്‍ മുതലുളള രണ്ടാം പാദത്തില്‍ ആഗോളതലത്തില്‍ തൊഴിലാളികളുടെ പ്രവൃത്തിസമയത്തില്‍ 6.7 ശതമാനത്തിന്റെ കുറവുണ്ടാകാം. ഇത് മുഴുവന്‍ സമയ ജീവനക്കാരായ 19 കോടി ആളുകളുടെ പ്രവൃത്തിസമയത്തിന് തുല്യമാണ്. തൊഴിലുകള്‍ വെട്ടിക്കുറയ്്ക്കുന്നതും പ്രവൃത്തി സമയം ചുരുക്കുന്നതും ഏറ്റവുമധികം ബാധിക്കുക അധ്വാനശക്തി കൂടുതലുളള നിര്‍ണായക മേഖലകളെയാണ്.
ആഗോളതലത്തില്‍ മൊത്തം തൊഴില്‍ ശക്തിയുടെ 38 ശതമാനം പണിയെടുക്കുന്ന സുപ്രധാന മേഖലകളെയാണ് ഇത് കാര്യമായി ബാധിക്കുക. അതായത് 125 കോടി ജനങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് ഉത്പാദന ഇടിവിനും തൊഴില്‍ നഷ്ടത്തിനും ഇടയാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ചില്ലറ വില്‍പ്പന, ഭക്ഷ്യശൃംഖല, നിര്‍മ്മിതോല്‍പ്പന മേഖല തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവുമധികം ആളുകള്‍ പണിയെടുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates