

ചെന്നൈ : ഇഷ്ടം പോലെ മാർക്ക് ലഭിക്കാനും സാമ്പത്തിക നേട്ടത്തിനുമായി സർവകലാശാലയിലെ ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ വിദ്യാർത്ഥിനികളെ ഉപദേശിച്ച അധ്യാപികയുടെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ. വിരുദുനഗര്‍ ജില്ലയിലെ അറുപ്പുകോട്ടൈ ദേവാംഗ ആര്‍ട്‌സ് കോളേജിലെ ഗണിത വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മലാ ദേവിയെയാണ് നാലു വിദ്യാര്‍ഥിനികളെ സർവകലാശാല അധികൃതർക്ക് വഴങ്ങാൻ ഉപദേശിച്ച കേസിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോൺ കണ്ടെടുത്തയായി പൊലീസ് വ്യക്തമാക്കി.
മൊബൈലില്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ ചിത്രങ്ങളും സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഇത് മറ്റേതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. വിദ്യാർഥിനികളുമായി നടത്തിയ ഫോൺസംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പുറത്തായ ഫോൺ സംഭാഷണത്തിന് പുറമെ, അധ്യാപിക വിദ്യാർത്ഥിനികളുമായി ടെക്സ്റ്റ് മെസ്സേജ് മുഖേന ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
അധ്യാപികയുടെ ഉപദേശ ഫോൺസംഭാഷണത്തിന് തൊട്ടുപിന്നാലെ, ഒരു വിദ്യാർത്ഥിനി അധ്യാപികയെ തിരിച്ചുവിളിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. കേസിൽ അറസ്റ്റിലായ അധ്യാപിക കുറ്റം സമ്മതിച്ചതായി വിരുദുനഗർ എസ്പി രാജേന്ദ്രൻ വ്യക്തമാക്കി. പരിചയമുള്ള ഒരു അസിസ്റ്റന്റ് പ്രൊഫസറുടെയും ഗവേഷക വിദ്യാർത്ഥിയുടെയും നിർദേശപ്രകാരമാണ് വിദ്യാർത്ഥിനികളോട് ഇപ്രകാരം ആവശ്യപ്പെട്ടത്. സർവകലാശാലയിലെ ഒരു ഉന്നതന് വേണ്ടിയാണ് ഉങ്ങനെ ആവശ്യപ്പെട്ടതെന്നും എന്നാൽ ഇയാൾ ആരാണെന്ന് അറിയില്ലെന്നും നിർമലദേവി പറഞ്ഞതായി എസ്പി രാജേന്ദ്രൻ പറഞ്ഞു.
അതേസമയം സര്‍വകലാശാലയിലെ ചില ഉന്നതോദ്യോഗസ്ഥരോട് അധ്യാപിക സംസാരിച്ചതായി വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച മധുര കാമരാജ് സര്‍വകലാശാലയ്ക്കു മുന്നില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തി. റിട്ട. ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റിലായ നിർമലാദേവിയെ ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates