ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസിലെ ആരോപണവിധേയനും അലഹാബാദ് ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എസ് എന്‍ ശുക്ലയ്‌ക്കെതിരെ അഴിമതിക്കേസില്‍ അന്വേഷണത്തിന് അനുമതി. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സിബിഐക്ക് അനുമതി നല്‍കിയത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി ബി ഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുന്നത്.
സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമാണ്. ഈ പശ്ചാത്തലത്തില്‍ സി ബി ഐ ജസ്റ്റിസ് ശുക്ലക്കെതിരായ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
എം ബി ബി എസ് പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകളെ സഹായിച്ചു എന്നാണ് ശുക്ലയ്‌ക്കെതിരെയുള്ള ആരോപണം. സുപ്രിം കോടതിയുടെ തന്നെ ഉത്തരവുകളെ മറികടന്ന് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി പ്രവേശനത്തിനുള്ള സമയപരിധി നീട്ടി നല്‍കിയ സംഭവത്തിലാണ് സി ബി ഐ ശുക്ലയ്‌ക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യുക.
ശുക്ലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പിന്നീട്, സ്വകാര്യ മെഡിക്കല്‍ കോളേജിന് സഹായകമാകുന്ന വിധം ജസ്റ്റിസ് ശുക്ല തന്നെ കൈകൊണ്ട് തിരുത്തല്‍ വരുത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വകാര്യ കോളേജിന് സഹായകമായ നിലയില്‍ പ്രവര്‍ത്തിച്ചതിന് ജസ്റ്റിസ് ശുക്ലയ്ക്ക് ഉപഹാരങ്ങല്‍ ലഭിച്ചെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
2017ല്‍ ശുക്ലയ്‌ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരുടെ പാനല്‍ രൂപവത്കരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ സമിതി ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. സമിതിയുടെ ശുപാര്‍ശ പ്രകാരം രാജിവെക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് ശുക്ല വഴങ്ങിയില്ല.
തുടര്‍ന്ന് 2018 മുതല്‍ ജുഡീഷ്യല്‍ ചുമതലകളില്‍നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ജസ്റ്റിസ് ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞമാസം ചീഫ് ജസ്റ്റിസ് കത്തയച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates