

ബംഗളൂരു:മൊബൈല്‍ ഫോണ്‍ സിം ഡിആക്ടിവേറ്റ് ചെയ്ത് 45.7 ലക്ഷം രൂപ തട്ടിയെടുത്തതായി ബിസിനസ്സുകാരന്റെ പരാതി. അരമണിക്കൂറില്‍ വിവിധ ഘട്ടങ്ങളിലായാണ് പണം അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത്. ഇ-മെയില്‍ ഹാക്ക് ചെയ്ത് ബാങ്ക് രേഖകള്‍ ചോര്‍ത്തിയെടുത്താണ് ബിസിനസ്സുകാരന്റെ ലക്ഷങ്ങള്‍ തട്ടിയിരിക്കുന്നത്. സംഭവത്തില്‍ വഞ്ചന, ഐടി ആക്ട് എന്നി വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ബംഗളൂരു വിജയനഗറിലാണ് സംഭവം. ക്രിയേറ്റീവ് എന്‍ജിനീയേഴ്‌സ് എന്ന പേരില്‍ കമ്പനി നടത്തുന്ന ജഗദീഷിന്റെ പണമാണ് നഷ്ടമായത്. ഇ-മെയില്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചശേഷം കമ്പനിയുടെ ബാക്ക് അക്കൗണ്ടില്‍ നിന്ന് അനധികൃതമായി പണം പിന്‍വലിക്കുകയായിരുന്നു. ഇ-മെയില്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി ഉടന്‍ തന്നെ ജഗദീഷിന്റെ മൊബൈല്‍ സിം ഡിആക്ടിവേറ്റ് ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഹാക്ക് ചെയ്ത ഇ-മെയില്‍ ഉപയോഗിച്ച് പുതിയ സിംകാര്‍ഡിനായി അപേക്ഷിച്ചു. ഇതനുസരിച്ച് പുതിയ സിംകാര്‍ഡ് തട്ടിപ്പുകാര്‍ക്ക് ലഭിച്ചതായി പൊലീസ് പറയുന്നു.
ശനിയാഴ്ചയാണ് തന്റെ എയര്‍ടെലിന്റെ സിം പ്രവര്‍ത്തിക്കുന്നില്ലെന്ന് ജഗദീഷ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച ജഗദീഷിന്റെ ഭാര്യ മംഗള പരാതി രജിസ്റ്റര്‍ ചെയ്തു.അതിനിടെ തിങ്കളാഴ്ച വൈകീട്ട് കമ്പനിയുടെ ഓവര്‍ഡ്രാഫ്റ്റ്, കറന്റ് അക്കൗണ്ടുകളില്‍ നിന്നായി 45.7 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ചതായി ദമ്പതികള്‍ പറയുന്നു. 30 മിനിറ്റിനകം അഞ്ചുതവണയായാണ് കാനറ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.
ശനിയാഴ്ചയാണ് സിം പ്രവര്‍ത്തനരഹിതമായതെന്ന് മംഗള പറയുന്നു. ഞായറാഴ്ച കസ്റ്റമര്‍ കെയറില്‍ വിളിച്ച് സിം കാര്‍ഡ് പ്രവര്‍ത്തിക്കാത്ത കാര്യം ധരിപ്പിച്ചു. കോര്‍പ്പറേറ്റ് സിം ആയതുകൊണ്ട് ഔദ്യോഗിക കത്ത് മുഖാന്തരം അപേക്ഷിക്കണമെന്ന് കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു. ഇതനുസരിച്ച് തിങ്കളാഴ്ച ഇ-മെയില്‍ മുഖാന്തരം പുതിയ സിമ്മിനായി അപേക്ഷിച്ചു. എന്നാല്‍ ആറുമണിക്കൂറിന് ശേഷം പുതിയ സിമ്മും പ്രവര്‍ത്തനരഹിതമായി.
തുടര്‍ന്നും കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടു.വീണ്ടും ഒരു പുതിയ സിം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് പ്രവര്‍ത്തനക്ഷമമായി. ചൊവ്വാഴ്ച രാവിലെ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍, തട്ടിപ്പിന് ഇരയായതായി തിരിച്ചറിയുകയായിരുന്നു.
ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് നല്‍കേണ്ട യൂസര്‍ നെയിമും പാസ്‌വേര്‍ഡും തെറ്റാണെന്നാണ് ആദ്യം കാണിച്ചിരുന്നത്. ഇക്കാര്യം ജഗദീഷിനെ അറിയിച്ചു. ജഗദീഷ് യൂസര്‍ നെയിമും പാസ് വേര്‍ഡും മാറ്റിയിട്ടുണ്ടാകാം എന്ന ധാരണയിലാണ് ജഗദീഷിനെ ഇക്കാര്യം വിളിച്ചറിയിച്ചത്.
എന്നാല്‍ തട്ടിപ്പിന് ഇരയായതായി സംശയം തോന്നിയ ജഗദീഷ്, ബാങ്കില്‍ ചെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച 30 മിനിറ്റിനുളളില്‍ അഞ്ചു തവണകളായി 45 ലക്ഷം രൂപ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് കൈമാറിയതായി കാണിക്കുന്നതായി ബാങ്ക് വിശദീകരിച്ചു. 10 ലക്ഷം, 14 ലക്ഷം, 15 ലക്ഷം , നാലു ലക്ഷം, 2.7 ലക്ഷം എന്നിങ്ങനെയാണ് പണം കൈമാറിയിരിക്കുന്നത്. കൊല്‍ക്കത്ത, ഗുജറാത്ത് എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിരിക്കുന്നത്.
ഭാര്യയ്ക്കും, കമ്പനിയുടെ അക്കൗണ്ടന്റിനും തനിക്കും മാത്രമേ ബാങ്ക് അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും അറിയൂ എന്ന് ജഗദീഷ് പറയുന്നു. എന്നാല്‍ ഇടപാട് നടത്താനുളള അധികാരം തനിക്കും ഭാര്യയ്ക്കും മാത്രമാണ്. മതിയായ രേഖകളില്ലാതെ മറ്റുളളവര്‍ക്ക് കമ്പനിയുടെ കോര്‍പ്പറേറ്റ് സിം ടെലികോം കമ്പനി അനുവദിച്ചതാണ് തട്ടിപ്പിന് ഇടയാക്കിയതെന്ന് ജഗദീഷ് ആരോപിച്ചു. അതേസമയം ജഗദീഷിന്റെ പേരിലുളള ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് അപേക്ഷ ലഭിച്ചത് അനുസരിച്ചാണ് സിം അനുവദിച്ചതെന്നാണ് ടെലികോം കമ്പനിയുടെ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates