മോദി സര്‍ക്കാര്‍ തുടരണം; ബിജെപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് 900 കലാകാരന്‍മാര്‍

പണ്ഡിറ്റ് ജസ് രാജ്, വിവേക് ഒബ്‌റോയ്. റിതാ ഗാംഗുലി, ശങ്കര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെടെയുള്ള കലാകാരന്‍മാരാണ്  ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്
മോദി സര്‍ക്കാര്‍ തുടരണം; ബിജെപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് 900 കലാകാരന്‍മാര്‍
Updated on
1 min read

ന്യൂഡല്‍ഹി: ദൃഡതയുള്ള ഇന്ത്യയ്ക്ക് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണം എന്ന പ്രസ്താവനയുമായി 900  കലാകാരന്‍മാര്‍ രംഗത്ത്. പണ്ഡിറ്റ് ജസ് രാജ്, വിവേക് ഒബ്‌റോയ്. റിതാ ഗാംഗുലി, ശങ്കര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെടെയുള്ള കലാകാരന്‍മാരാണ്  ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 

സാഹിത്യ സാംസ്‌ക്കാരിക കലാകാരന്‍മാരുടെ നേതൃത്വത്തില്‍ നേഷന്‍ ഫസ്റ്റ് കളക്ടീവ് ' എന്ന ഒരു മെമ്മോറാണ്ടം പുറത്തിറക്കി, തങ്ങള്‍ക്ക് സുശക്തനായ ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തണമെന്ന് ഈ മെമ്മോറാണ്ടത്തിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണ്ഡിറ്റ് ജസ്‌രാജ്, ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍, ശങ്കര്‍ മഹാദേവന്‍, മാലിനി അശ്വതി, പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് തുടങ്ങി വിശ്വപ്രസിദ്ധരായ കലാകാരന്‍മാര്‍ ആണ് മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തില്‍ വരണമെന്ന് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മോദി സര്‍ക്കാരില്‍ നിന്ന് അനാവശ്യ സമ്മര്‍ദങ്ങളോ വാഗ്വാദങ്ങളോ തങ്ങള്‍ക്ക് നേരെ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ഒരു ആശങ്കയുമില്ലാതെ വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമെന്നും ആഗ്രഹമുണ്ടെന്നും ഇവര്‍ പറയുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തു നിന്ന് അഴിമതി പാടേ തുടച്ചുമാറ്റാന്‍ മോദി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയ്ക്ക് ആഗോളവ്യാപകമായി കൈയടി നേടിയതാണ്. ഇത് ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളില്‍ നിന്നും ബഹുമതി നേടികൊടുത്തു.

തീവ്രവാദത്തിനെതിരെ നരേന്ദ്രമോദി സര്‍ക്കാര്‍ കൈകൊണ്ട നടപടിയും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് വലിയ സ്ഥാനം നേടികൊടുത്തു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറയുന്നു.

ബിജെപി സര്‍ക്കാരിന്റെ വിഭജനരാഷ്ട്രീയത്തിനെതിരെ വോട്ട് അഭ്യര്‍ത്ഥിച്ച് രാജ്യമെമ്പാടുമുള്ള 800ലധികം നാടകപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണ്ണായകമാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്. 
ഇന്ന് ഇന്ത്യയെന്ന ആശയം ഭീഷണിയിലാണ്. പാട്ടും നൃത്തവും ചിരിയും ഭീഷണിയിലാണ്. നമ്മുടെ പ്രിയപ്പെട്ട ഭരണഘടന തന്നെ ഭീഷണിയിലാണ്. ശിക്ഷണവും പ്രതിവാദങ്ങളും എതിരഭിപ്രായങ്ങളും ഉടലെടുക്കേണ്ട സ്ഥാപനങ്ങളെല്ലാം ഇന്ന് അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു. ചോദ്യം ചെയ്യുന്നതിനെയും നുണകള്‍ തുറന്ന് കാട്ടുന്നതിനെയും സത്യം പറയുന്നതിനെയും ദേശവിരുദ്ധമായി മുദ്ര കുത്തപ്പെടുകയാണ്. നമ്മുടെ ഭക്ഷണത്തിലും പ്രാര്‍ത്ഥനയിലും ഉത്സവങ്ങളിലും വെറുപ്പിന്റെ വിത്തുകള്‍ കടന്നുകൂടിയിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ കടന്നുകൂടിയിരിക്കുന്ന വെറുപ്പ് അപകടകാരിയായി മാറിയിരിക്കുന്നു. ഇത് അവസാനിപ്പിക്കണമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടിരുന്നു.

അമോല്‍ പലേക്കര്‍, അരുന്ധതി നാഗ്, ആസാദ് ദേബൂ, അര്‍ഷ്യ സത്താര്‍, ഡാനിഷ് ഹുസൈന്‍, ഗിരീഷ് കര്‍ണാട്, നസറുദ്ദീന്‍ ഷാ, എം കെ റെയ്‌ന, കവിത ലങ്കേഷ്, കൊങ്കണ സെന്‍ ശര്‍മ്മ, ലില്ലെറ്റ് ദുബെ, മല്ലിക താനെജ, നാവേജ ജോഹര്‍ എന്നിവരാണ് ഒപ്പിട്ടവരില്‍ പ്രമുഖര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com