മോദിക്കും അമിത് ഷായ്ക്കും എപ്പോഴും ജയിപ്പിക്കാനാകില്ല; ഡൽഹി തെരഞ്ഞെടുപ്പിന് പിന്നാലെ ആർഎസ്എസ്

മോദിക്കും അമിത് ഷായ്ക്കും എപ്പോഴും ജയിപ്പിക്കാനാകില്ല; ഡൽഹി തെരഞ്ഞെടുപ്പിന് പിന്നാലെ ആർഎസ്എസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ സഹായിക്കാന്‍  എല്ലായ്‌പ്പോഴും സാധിക്കില്ലെന്ന് ആര്‍എസ്എസ്
Published on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ സഹായിക്കാന്‍  എല്ലായ്‌പ്പോഴും സാധിക്കില്ലെന്ന് ആര്‍എസ്എസ്. ഡല്‍ഹി തെരഞ്ഞെടുപ്പ് വിലയിരുത്തലുമായി ഇറങ്ങിയ ആര്‍എസ്എസിന്റെ മുഖപത്രമായ ഓർ​ഗനൈസറിലാണ് ഇക്കാര്യം പറയുന്നത്.

ഡല്‍ഹിയില്‍ വന്‍ പ്രചാരണം നടത്തിയിട്ടും ബിജെപി എട്ട് സീറ്റിലൊതുങ്ങി. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 70ല്‍ 62 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുകയായിരുന്നു.

2015ന് ശേഷം സംഘടനയെ അടിത്തട്ടില്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടതായി ആർഎസ്എസ് പറയുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പ്രചാരണത്തിൽ പോരായ്മകളുണ്ടായി. നന്നായി പോരാടിയ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാൻ ഇവ രണ്ടും പ്രധാന കാരണങ്ങളായെന്നും ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എല്ലായ്‌പ്പോഴും സഹായിക്കാനാകില്ല. ജനങ്ങളുടെ പ്രാദേശിക അഭിലാഷങ്ങള്‍ പരിഹരിക്കുന്നതിന് ഡല്‍ഹിയില്‍ സംഘടന പുനര്‍ നിര്‍മിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. 40 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന 1700 അനധികൃത കോളനികള്‍ നിയമവിധേയമാക്കാമെന്ന വാ​ഗ്ദാനം ജനങ്ങളിലേക്കെത്തിക്കാനായില്ലെന്നും ആര്‍എസ്എസ് പറയുന്നു.

സമീപകാലത്തെ ഏറ്റവും വലിയ പ്രചാരണമാണ് ഡല്‍ഹിയില്‍ ബിജെപി നടത്തിയത്. അമിത് ഷാ നേരിട്ട് നേതൃത്വം നല്‍കിയ പ്രചാരണത്തില്‍ 260 ഓളം എംപിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം പ്രചാരണത്തിന് എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com