ഗാസിയാബാദ്: പണവും ആഭരണങ്ങളും തട്ടിയെടുക്കാനായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ യുവതി വിവാഹം ചെയ്തത് എട്ട് മുതിര്‍ന്ന പൗരന്‍മാരെ. വിശ്വാസം ആര്‍ജിച്ച ശേഷം യുവതി അവരുടെ സ്വര്‍ണവും പണവുമായി കടന്നുകളയുകയാണ് പതിവ്. അവസാനമായി യുവതിയുടെ തട്ടിപ്പിന് ഇരയായത് 66 കാരനായ കോണ്‍ട്രാക്ടറാണ്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് നിവാസിയായ കോണ്‍ട്രാക്ടര്‍ കഴിഞ്ഞ വര്‍ഷം ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അതിനിടെ ഡല്‍ഹി ആസ്ഥാനമായ ഒരു മാട്രിമോണിയല്‍ ഏജന്‍സിയെ കുറിച്ച് പത്രത്തില്‍ കാണാനിടയായി. പ്രായമായവര്‍ക്കും വിവാഹമോചനം തേടിയവര്‍ക്കും അനുയോജ്യമായ പങ്കാളികളെ കണ്ടെത്തി നല്‍കുമെന്നായിരുന്നു പരസ്യം.
വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനാല്‍ അദ്ദേഹം മാട്രിമോണിയല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ മോണിക്കാ മാലിക്ക് എന്ന യുവതിയെ ഏജന്‍സി പരിചയപ്പെടുത്തി. താന്‍ വിവാഹമോചിതയാണെന്ന് അവര്‍ കോണ്‍ട്രാക്റ്ററോട് പറഞ്ഞു. ആഴ്ചകള്‍ക്ക് ശേഷം ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ഓഗസ്റ്റിലായിരുന്നു കല്യാണം. എന്നാല്‍ ഇവരുടെ വിവാഹം അധികകാലം നീണ്ടുനിന്നില്ല. രണ്ടുമാസത്തിനുള്ളില്‍ പണവും ആഭരണങ്ങളും കവര്‍ന്ന് യുവതി മുങ്ങി. 15 ലക്ഷം രൂപയുടെ സാധനങ്ങളുമായാണ് യുവതി കടന്നുകളഞ്ഞത്.
തുടര്‍ന്ന് 68കാരന്‍ മാട്രിമോണിയല്‍ ഏജന്‍സിയുമായി വീണ്ടും ബന്ധപ്പെട്ടു. എന്നാല്‍ മാട്രിമോണിയല്‍ ഉടമ ഇയാളെ ഭീഷണിപ്പെടുത്തുകയും  കളളക്കേസ് നല്‍കുമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഇയാള്‍ മോണിക്കയുടെ മുന്‍ ഭര്‍ത്താവിനെ കണ്ടെത്തി. അദ്ദേഹവും സമാനമായ രീതിയില്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇത്തരത്തില്‍ എട്ടുപേരെ വിവാഹം കഴിച്ച് പണവും ആഭരണങ്ങളും കവര്‍ന്നതായി കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
