

ജയ്പൂര്‍: തെരഞ്ഞടുപ്പിന് ആഴ്ചകള്‍ അവശേഷിക്കെ ഇരുമുന്നണികളെയും വെട്ടിലാക്കി രാജസ്ഥാനില്‍ നേതാക്കളുടെ 'വേലിചാട്ടം' തുടരുന്നു. കോണ്‍ഗ്രസ് ധോല്‍പുര്‍ ജില്ലാ പ്രസിഡന്റ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ഭരണകക്ഷിയായ ബിജെപിയുടെ നാലു നേതാക്കളെ കോണ്‍ഗ്രസ് ചാക്കിട്ട് പിടിച്ചു. സിറ്റിങ് എംഎല്‍എമാരില്‍ ഒരു വിഭാഗത്തിനു ബിജെപി ഇത്തവണ സീറ്റു നല്‍കില്ലെന്ന് ഉറപ്പായതോടെയാണ് പാര്‍ട്ടി മാറ്റം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബന്‍വാരിലാല്‍ ശര്‍മയുടെ മകന്‍ അശോക് ശര്‍മയാണ് ബിജെപിയില്‍ എത്തിയത്. ധോല്‍പുരിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ചതു ബിജെപിയാണെന്നും മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നതെന്നുമായിരുന്നു അശോക് ശര്‍മയുടെ ന്യായം. അശോക് ശര്‍മയുടെ കടന്നുവരവ് ട്രെയിലര്‍ മാത്രമാണെന്നും സിനിമ പ്രദര്‍ശിപ്പിക്കാനിരിക്കുന്നതേയുള്ളു എന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. അശോകിന്റെ വരവോടെ രാജസ്ഥാന്റെ കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
അതേസമയം സികാറില്‍ മന്ത്രിയുടെ സഹോദരി ഉള്‍പ്പെടെ നാലു ബിജെപി നേതാക്കളാണ് കോണ്‍ഗ്രസിലെത്തിയത്. സഹകരണ മന്ത്രി അജയ് കിലാക്കിന്റെ സഹോദരിയും മുന്‍ ജില്ലാ പ്രമുഖുമായ ബിന്ദു ചൗധരി, ജയ്പുര്‍ ജില്ലാ പ്രമുഖ് മൂല്‍ ചന്ദ് മീണ, മുന്‍ എംഎല്‍എ നാരായണ്‍ റാം ബേദ, ജാട്ട് നേതാവും മുന്‍ രാജെ മന്ത്രി സഭയില്‍ അംഗമായിരുന്ന ഉഷാ പൂനിയയുടെ ഭര്‍ത്താവുമായ വിജയ് പൂനിയ എന്നിവരാണ് കോണ്‍ഗ്രസില്‍ എത്തിയത്. മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിങ്ങിന്റെ മകനും രാജസ്ഥാനിലെ ബിജെപി എംഎല്‍എയുമായ മാനവേന്ദ്ര സിങ് നേരത്തേ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിങ് എംഎല്‍എമാരില്‍ ഒരു വിഭാഗത്തിനു ബിജെപി ഇത്തവണ സീറ്റു നല്‍കില്ലെന്നാണ് വിവരം. 200 അംഗ സഭയില്‍ 163 എംഎല്‍എമാരാണ് ബിജെപിക്ക് ഉള്ളത്. സര്‍ക്കാര്‍ ഭരണ വിരുദ്ധ വികാരത്തിനെതിരെ പൊരുതുന്ന സാഹചര്യത്തില്‍ ഇവരില്‍ 80 പേരെയെങ്കിലും ഒഴിവാക്കുമെന്നാണു സംസ്ഥാന നേതാക്കളുടെ അനുമാനം. പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates