

ന്യൂഡൽഹി: റാബി വിളകളുടെ താങ്ങുവില വർധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ലോക്‌സഭയെ അറിയിച്ചു. തിങ്കളാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം പാസാക്കിയ കാർഷിക ബില്ലുകൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. താങ്ങുവില പ്രഖ്യാപിക്കുന്നത് അവസാനിക്കുമെന്ന ഭയത്താൽ പ്രക്ഷോഭം നടത്തുന്ന കർഷകരുടെ രോഷം തണുപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
50 മുതൽ 300 രൂപ വരെയാണ് താങ്ങുവില വർധിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതനുസരിച്ച് ഗോതമ്പിന്റെ താങ്ങുവില 50 രൂപ വർധിക്കും. ചനയുടേത് 250 രൂപയിലധികവും ചുവന്ന പരിപ്പിന്റേത് 300 രൂപയിലധികവും വർധിക്കും. കടുകിന്റെ താങ്ങുവില 225 രൂപ കൂടും.
രണ്ട് വിവാദ ബില്ലുകൾ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കിയ നടപടിക്ക് പിന്നാലെയാണ് റാഗി വിളകളുടെ താങ്ങുവില വർധിപ്പിക്കുന്നത്. കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷക സംഘടനകൾ വൻ പ്രക്ഷോഭത്തിനാണ് ആഹ്വാനം നൽകിയിട്ടുള്ളത്. സെപ്റ്റംബർ 25 ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്നാൽ, കർഷകർക്ക് ഉത്പന്നങ്ങൾ അനായാസം വിറ്റഴിക്കാൻ അവസരം ഒരുക്കുന്നതാണ് ബില്ലുകളെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. പുതിയ നിയമം കാർഷിക വിപണിയിൽ നിന്ന് ഇടനിലക്കാരെ ഒഴിവാക്കുമെന്നും കർഷകർക്ക് ഉത്പന്നങ്ങൾ വാൾമാർട്ട് പോലെയുള്ള വൻകിടക്കാർക്ക് നേരിട്ട് വിൽക്കാൻ വഴിതെളിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ, ബില്ലുകൾ കർഷക വിരുദ്ധമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates