ന്യൂഡല്‍ഹി : ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോവികിന്റെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. റിയ ചക്രബര്‍ത്തി ലഹരി മരുന്ന് സിന്‍ഡിക്കേറ്റിലെ സജീവ അംഗമായിരുന്നുവെന്നും, സമൂഹത്തിലെ ഉന്നത വ്യക്തികളെ സിന്‍ഡിക്കേറ്റുമായി കൂട്ടിയിണക്കിയിരുന്നത് നടിയാണെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചു. എന്‍സിബി മേഖലാ ഡയറക്ടര്‍ സമീര്‍ വാങ്കഡെയാണ് എന്‍സിബി സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
റിയ മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക നല്‍കിയതിന് തെളിവുകളുണ്ട്. വാട്‌സ് ആപ്പ് ചാറ്റുകള്‍, മൊബൈല്‍, ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവയിലെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുത്തതിലൂടെ ലഭിച്ച തെളിവുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഇതില്‍ മയക്കുമരുന്ന് ഇടപാടിന്റെ സാമ്പത്തിക കാര്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന കാര്യം റിയക്ക് അറിയാമായിരുന്നു എന്നും എന്നാല്‍ ഇക്കാര്യം പുറത്തറിയാതെ റിയ ഒളിപ്പിച്ചുവെച്ചിരുന്നതായും എന്‍സിബി വ്യക്തമാക്കുന്നു.
അതിനിടെ, നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) വിദഗ്ധ സമിതി സിബിഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുശാന്ത് രജ്പുത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം, വിസെറ റിപ്പോര്‍ട്ടുകള്‍ പഠിക്കാന്‍ നിയോഗിച്ച ഡോ. സുധീര്‍ ഗുപ്ത അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. വിദഗ്ധ സമിതിയുടെ നിഗമനങ്ങള്‍ കഴിഞ്ഞ 40 ദിവസമായുള്ള സിബിഐയുടെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതാണ് എന്നാണ് സൂചന.
പാനലിന്റെ കണ്ടെത്തലുകള്‍ ഈ കേസില്‍ വിദഗ്ദ്ധാഭിപ്രായമായി കണക്കാക്കപ്പെടും. കേസില്‍ വിദഗ്ധ പാനലില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരിക്കും. സുശാന്ത് ആത്മഹത്യ ചെയ്തതോ, കൊലപ്പെടുത്തിയതോ എന്നതില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സിബിഐ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സുശാന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബ വക്കീല്‍ വികാസ് സിങ് ആരോപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates