ലക്‌നൗ: കോവിഡ് വ്യാപനം തടയുന്നതിനുളള ഫലപ്രദമായ മാര്‍ഗം എന്ന നിലയില്‍ രാജ്യം ലോക്ക്ഡൗണില്‍ ആയിട്ട് ആഴ്ചകള്‍ പിന്നിട്ടു. കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കാലയളവ് നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും വന്നു. ജനങ്ങളുടെ നന്മയെ കരുതി ലോക്ക്ഡൗണ്‍ നീട്ടിയതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്നുളള മുഖ്യ ആവശ്യം. അതിനിടെ ആഗ്രയില്‍ നിന്നുളള കാഴ്ച നൊമ്പരമാകുകയാണ്.
ആഗ്രയിലെ രാംബാഗ് ചൗരായില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പാല്‍ കൊണ്ടുപോകുന്ന ടാങ്കര്‍ മറിഞ്ഞ് പാല്‍ റോഡിലൂടെ ഒഴുകുകയാണ്. ഒരു പറ്റം തെരുവുനായ്ക്കള്‍ ഈ പാല്‍ നക്കിക്കുടിച്ചുകൊണ്ടിരിക്കുന്നു. ഇതിനു തൊട്ടപ്പുറത്തായി ഒരു മനുഷ്യന്‍ റോഡിലൂടെ ഒഴുകുന്ന പാല്‍ രണ്ടുകൈകളിലും കോരി ഒരു ചെറിയ മണ്‍കുടത്തില്‍ നിറയ്ക്കുന്നു. വിശപ്പിനു മുന്നില്‍ മനുഷ്യനും മൃഗങ്ങളും സമന്മാരാകുന്നതിന്റെ ദൃശ്യമാണിത്.
കുടിയേറ്റ തൊഴിലാളികളായ ലക്ഷങ്ങള്‍ സ്വദേശത്തേയ്ക്കുള്ള പലായനത്തിനിടെ തെരുവിലകപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പാവപ്പെട്ടവര്‍ക്ക് സഹായപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രശ്‌നത്തിന് പൂര്‍ണ പരിഹാരമാകുന്നില്ല എന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates