

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം പ്രതിരോധിക്കുക ലക്ഷ്യമിട്ട് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നാലാംഘട്ടം നാളെ അവസാനിക്കും. രാജ്യത്ത് അടച്ചിടല്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. ലോക്ക്ഡൗണ്‍ നാലാംഘട്ടം പൂര്‍ത്തിയാകുമ്പോഴേക്കും, രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നിലയിലാണ്. നാളെ മന്‍കിബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തെ പൊതുസ്ഥിതി വിശദീകരിക്കും.
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി, ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് കേന്ദ്രം പൊതു മാര്‍ഗരേഖ മാത്രം ഇറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം മുഖ്യമന്ത്രിമാരും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചത്. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അമിത്ഷായുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സൂചിപ്പിച്ചു. സംസ്ഥാനങ്ങളുടെ വികാരം അമിത് ഷാ മോദിയെയും ധരിപ്പിച്ചു.
പൊതു ഇടങ്ങളില്‍ തുപ്പരുത്, മാസ്‌ക് ധരിക്കണം, സമ്പര്‍ക്ക അകലം പാലിക്കണം, പൊതുസമ്മേളനങ്ങളും ഒത്തുച്ചേരലുകളും പാടില്ല, കണ്‍ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം എന്നിവ ഉള്‍പ്പെടെ പൊതുമാര്‍ഗരേഖ മാത്രം കേന്ദ്രം ഇറക്കുമെന്നാണ് സൂചന. രാജ്യാന്തര വിമാന സര്‍വീസ് ഉടന്‍ തുടങ്ങിയേക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനമാരംഭിക്കില്ല. ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം കൂട്ടിയേക്കും. അന്തര്‍സംസ്ഥാന ബസ് യാത്രയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മെട്രോ സര്‍വീസുകള്‍ തുടങ്ങാന്‍ സജ്ജമാണെന്ന് കോര്‍പ്പറേഷനുകള്‍ അറിയിച്ചിട്ടുണ്ട്.
ജൂണ്‍ എട്ടുമുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ മുഴുവന്‍ ഹാജരോടെ പ്രവര്‍ത്തിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ തുറക്കാനും ബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ജൂലൈ ഒന്നുമുതല്‍ സ്‌കൂളില്‍ അധ്യയനം തുടങ്ങാന്‍ ഛത്തീസ്ഗഡ്, കര്‍ണാടക, ഉത്തരാഖണ്ഡ്, ഹരിയാന തുടങ്ങി സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates