ഔറംഗബാദ്: ബിസിനസ് പുനരാരംഭിക്കുന്നതിന് മുന്‍പ് എല്ലാ കടയുടമകളും ജീവനക്കാരും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായി നടത്തണമെന്ന് ഔറംഗബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.നിലവില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തുദിവസം കഴിഞ്ഞ് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന് മുന്‍പ് എല്ലാ കടയുടമകളും ജീവനക്കാരും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായി നടത്തണമെന്നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ്.
നിലവില്‍ ഔറംഗബാദില്‍ 10,166 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5861 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നഗരത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പുതിയ നിബന്ധന കൊണ്ടുവന്നത്. ജൂലൈ 18 വരെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വ്യാപകമായി പരിശോധന നടത്താന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. പച്ചക്കറി, പലച്ചരക്ക്, പാല്‍, ഇറച്ചി തുടങ്ങി വിവിധ കടകളുടെ നടത്തിപ്പുകാരും ജീവനക്കാരും നിര്‍ബന്ധമായി കോവിഡ് പരിശോധന നടത്തണമെന്നാണ് ഉത്തരവ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുളളൂവെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.ഏകദേശം ഔറംഗബാദ് നഗരപരിധിയില്‍ ഏകദേശം 11000 കടകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
