

ന്യൂഡൽഹി: ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക‌് കേന്ദ്ര തെരഞ്ഞെടുപ്പ‌് കമ്മീഷന്റെ കത്ത്. ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ‌്, അരുണാചൽ, ഒഡിഷ, സിക്കിം സംസ്ഥാനങ്ങളിലേയ‌്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. മാർച്ച‌് ആദ്യവാരം തെരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കുമെന്നാണ‌് സൂചന. വിവിധ ഘട്ടങ്ങളിലായി ഏപ്രിൽ– മെയ‌് മാസങ്ങളിലാകും തെരഞ്ഞെടുപ്പ‌്.
അതേസമയം നിലവിൽ ഗവർണർ ഭരണത്തിലുള്ള ജമ്മു– കശ‌്മീരിൽ ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പു നടക്കില്ല. കശ‌്മീരിൽ ആറു മാസത്തെ ഗവർണർ ഭരണം മെയ‌് 21 ന‌് അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പ‌് നടക്കില്ലെന്ന‌് ഉറപ്പായ സാഹചര്യത്തിൽ കശ‌്മീരിൽ ഗവർണർ ഭരണം നീളും. കമ്മീഷൻ സംസ്ഥാനങ്ങൾ സന്ദർശിച്ച‌് ഒരുക്കങ്ങൾ വിലയിരുത്തുകയാണ‌്.
തെരഞ്ഞെടുപ്പ‌് ഡ്യൂട്ടികൾക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെയും പൊലീസ‌് ഉദ്യോഗസ്ഥരുടെയും മറ്റും സ്ഥലമാറ്റ നടപടികൾ ഫെബ്രുവരി 28 നകം പൂർത്തീകരിക്കണം. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥനുമായി ആലോചിച്ചു വേണം സ്ഥലംമാറ്റം. ഉയർന്ന ഉദ്യോഗസ്ഥരെയും പൊലീസ‌് ഉദ്യോഗസ്ഥരെയും മാതൃ ജില്ലകളിൽ ഡ്യൂട്ടിക്ക‌് നിയോഗിക്കരുത‌്. ഒരേ ജില്ലയിൽ മൂന്ന് വർഷം സേവനം അനുഷ‌്ഠിച്ചവരെയും 2019 മെയ‌് 31 വരെയുള്ള കാലയളവിൽ തുടർച്ചയായി മൂന്ന് വർഷം ഒരേ സ്ഥലത്ത‌് പൂർത്തിയാക്കുന്നവരെയും മാറ്റണം.
ഡിഇ, ഡെപ്യൂട്ടി ഡിഇ, റിട്ടേണിങ‌് ഓഫീസർമാർ, നോഡൽ ഓഫീസർമാരായ എഡിഎം, എസ‌്ഡിഎം, ഡെപ്യൂട്ടി കലക്ടർ, തഹസീൽദാർ, ബിഡിഒ, റേഞ്ച‌് ഐജി, ഡിഐജി, എസ‌്എസ‌്പി, എസ‌്പി, എഎസ‌്പി, ഇൻസ‌്പെക്ടർ, സബ‌്ഇൻസ‌്പെക്ടർ തുടങ്ങിയവർക്ക‌് മാനദണ്ഡങ്ങൾ ബാധകമായിരിക്കും. ക്രിമിനൽ കേസ‌് ഉള്ളവരെ നിയോഗിക്കരുതെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates