

ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും പിന്നാലെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംയുക്ത പ്രസ്താവനയുമായി ശാസ്ത്രജ്ഞരും. വിഭജനത്തിന്റെ രാഷ്ട്രീയത്തിനെതിരെ വോട്ടഭ്യര്‍ത്ഥിച്ചാണ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബുദ്ധിപൂര്‍വം വോട്ട് രേഖപ്പെടുത്തണമെന്ന് വോട്ടര്‍മാരോട് ആഹ്വാനം ചെയ്ത് സംയുക്ത പ്രസ്താവനയില്‍ 150 ശാസ്തജ്ഞന്‍മാരാണ് ഒപ്പിട്ടിരിക്കുന്നത്.
ജനങ്ങളെ വേര്‍തിരിക്കുകയും വിവേചനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഭയം വളര്‍ത്തുകയും ചെയ്യുന്ന ശക്തികളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ഒപ്പിട്ട പ്രസ്താവന ഇറക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ ശാസ്ത്ര മേഖലയില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന പുറത്തുവരുന്നത് ആദ്യമാണ്.
''വസ്തുതകളെയും വാദങ്ങളെയും കൃത്യമായി വിലയിരുത്തി ബുദ്ധിപൂര്‍വം വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രാവബോധം മുന്‍നിര്‍ത്തി വോട്ട് രേഖപ്പെടുത്താന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. അസമത്വം, ഭീഷണി, വിവേചനം, യുക്തിരാഹിത്യം എന്നിവയ്‌ക്കെതിരെ വോട്ടുചെയ്യാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.'' പ്രസ്താവനയില്‍ പറയുന്നു.
മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, പൂനെയിലെ ഐസര്‍ (ഐഐഎസ്ഇആര്‍) എന്നീ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളിലെ അടക്കം ഗവേഷകരും അധ്യാപകരും പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.
രാജ്യത്തെ ശാസ്ത്രകാരന്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശക്തമായ അതൃപ്തികളെ ക്രിയാതമകമായി പ്രകടിപ്പിക്കുകയാണ് ഈ പ്രസ്താവനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പൂനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷനിലെ പ്രൊഫസര്‍ സത്യജിത് രഥ് പറഞ്ഞു. പൊതു സമൂഹത്തില്‍ ശാസ്ത്രാഭിമുഖ്യം നഷ്ടപ്പെടുന്നതും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ മൂല്യം നഷ്ടപ്പെടുന്നതും തമ്മില്‍ പരസ്പരം ബന്ധമുണ ്ട്. അതാണ് ഇന്നത്തെ സാഹചര്യത്തില്‍ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates