ന്യൂഡല്‍ഹി : റഫാല്‍ വിമാനങ്ങളുടെ വില നിര്‍ണയത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ വിലയേക്കാള്‍ 2.86 ശതമാനം വിലക്കുറവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു. അതേസമയം വിമാന കരാറിന്റെ അന്തിമ വില ഉള്‍പ്പെടുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
2007 ലേയും 2016 ലേയും ഇടപാടുകള്‍ സിഎജി താരതമ്യം ചെയ്തു. യുപിഎ സര്‍ക്കാരിന്റെതിനേക്കാള്‍ 9 ശതമാനം കുറവാണ് പുതിയ കരാറിലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തെറ്റാണെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. വിലക്കുറവ് 2.86 ശതമാനം മാത്രമാണെന്ന് സിഎജി വ്യക്തമാക്കി.
148 പേജുള്ള സി.എ.ജി റിപ്പോർട്ടിൽ 141-ാം പേജിലാണ് 2007 ലെ യു.പി.എ സർക്കാറിന്റെ കരാറുമായി താരതമ്യപ്പെടുത്തിയ പട്ടിക നൽകിയിരിക്കുന്നത്.കരാറിലെ മുഴുവൻ ചെലവുകളും പരിശോധിക്കുമ്പോൾ 2.86 ശതമാനത്തിന്റെ കുറവാണ് അടിസ്ഥാന വിലയിൽ ഉണ്ടായിരിക്കുന്നത്.
ഫ്രാൻസിൽ നിർമാണം പൂർത്തിയാക്കി ഇന്ത്യക്ക് കൈമാറുന്ന ഫ്ലൈ എവേ വിമാനങ്ങളുടെ വിലയുടെ കാര്യത്തിൽ മുൻ കരാറിലെ തുകയിൽ നിന്നും വ്യത്യാസമില്ല. ഇതിനായുള്ള സേവനങ്ങൾ, പ്രൊഡക്റ്റ് സപ്പോർട്ട്, സാങ്കേതിക സഹായം, ഉപകരണങ്ങൾ, ഡോക്യുമെന്റേഷൻ എന്നിവക്കുള്ള വില കഴിഞ്ഞ സർക്കാറിനേക്കാൾ 4.77 ശതമാനം കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ ആവശ്യപ്പെട്ട സവിശേഷ ഘടകങ്ങൾ വിമാനത്തിൽ ഉൾകൊള്ളിക്കുന്നതിന് 17 ശതമാനം വില അധികം നൽകേണ്ടി വന്നു. എഞ്ചിനിയറിങ് സപ്പോർട്ട് പാക്കേജിന് 6.54 ശതമാനവും പെർഫോമൻസ് ബേസ്ഡ് ലോജിസ്റ്റിക്കിന് 6.54 ശതമാനവും വില വ്യത്യാസമുണ്ടായി. ടൂൾസ്, ടെസ്റ്റേഴ്സ്, ഗ്രൗണ്ട് എക്യുപ്മെന്റ്സ് തുടങ്ങിയവക്ക് 0.15 ശതമാനം വ്യത്യാസമാണ് ഉണ്ടായത്.
ആയുധങ്ങൾ ഉൾപ്പെടുത്തുന്നതിന് 1.05 ശതമാനത്തിന്റെ കുറവുണ്ടായി. പൈലറ്റുമാരെയും സാങ്കേതിക വിദഗ്ധരെയും പരിശീലിപ്പിക്കുന്നതിൽ 2.68 ശതമാനം വില വ്യത്യാസമുണ്ടായി എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റഫാലിനേക്കാള്‍ കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തിട്ടില്ല. ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന വിമാനങ്ങളില്‍ വില വ്യത്യാസമില്ല. പുതിയ കരാറിലൂടെ വേഗത്തില്‍ വിമാനങ്ങള്‍ ലഭ്യമാകുമെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റഫാല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ ഇന്ന് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. സിഎജി റിപ്പോര്‍ട്ടിനെച്ചൊല്ലി പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചവരെ നിര്‍ത്തിവെക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates