മംഗളൂരു: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സീരിയൽ കില്ലർ സയനൈഡ് മോഹനൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 20ാമത്തേയും അവസാനത്തേയും കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രാദേശിക കോടതിയാണ് മോഹനൻ കുറ്റക്കാരനാണെന്ന് വിധി പ്രസ്താവിച്ചത്. ജൂൺ 24ന് ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ അഞ്ച് കൊലപാതക കേസുകളിൽ മോഹനന് കോടതി വധ ശിക്ഷയും മൂന്ന് കേസുകളിൽ ജീവപര്യന്തവും വിധിച്ചിരുന്നു. വധ ശിക്ഷയിൽ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമാക്കി മാറ്റി.
കാസർകോടുള്ള ലേഡീസ് ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന 25 കാരിയെയാണ് മോഹൻ കൊലപ്പെടുത്തിയത്. മോഹനുമായി ഇവർ 2009ൽ ആണ് പരിചയപ്പെടുന്നത്. മൂന്നിലേറെ തവണ മോഹൻ ഈ യുവതിയുടെ വീട് സന്ദർശിച്ചിരുന്നു. വിവാഹം കഴിക്കാമെന്ന് മോഹൻ വാഗ്ദാനവും നൽകി. എന്നാൽ 2009 ജൂലൈ എട്ടിന് ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി മോഹനോടൊപ്പം ബംഗളുരുവിലേക്ക് പോയി. പിന്നീട് തങ്ങൾ വിവാഹിതരാണെന്നും ഉടനെ നാട്ടിലേക്ക് വരുമെന്നും വീട്ടുകാരെ വിളിച്ചറിയിച്ചു.
ബംഗളൂരുവിലെത്തിയ മോഹൻ ലോഡ്ജിൽ മുറിയെടുത്ത് യുവതിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു. പിറ്റേദിവസം നാട്ടിലേക്ക് മടങ്ങുംമുമ്പ് ആഭരണങ്ങൾ ലോഡ്ജിൽ അഴിച്ചു വെയ്ക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. പിന്നീട് ഇരുവരും ബസ് സ്റ്റാൻഡിലെത്തി. ഇവിടെ വെച്ച് ഗർഭ നിരോധന ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയ്ക്ക് സയനൈഡ് നൽകിയ ശേഷം മോഹൻ സ്ഥലം വിട്ടു. സയനൈഡ് കഴിച്ച ഉടനെ കുഴഞ്ഞുവീണ യുവതിയെ ഒരു കോൺസ്റ്റബിളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും യുവതി മരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
