ന്യൂഡല്‍ഹി: ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ പൂട്ടാനുള്ള നടപടികൾ ആരംഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമടക്കം നിരവധി ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ലക്ഷകണക്കിന് അനുയായികളെ നഷ്ടമായി. വ്യാജ പ്രൊഫൈലുകളിൽ പിന്തുടരുന്നവരെയാണ് നേതാക്കൻമാർക്ക് നഷ്ടമായിരിക്കുന്നത്.
ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നടത്തിയ പഠനത്തിലാണ് ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്. രാജ്യത്തെ പ്രധാനപ്പെട്ട 925 ഓളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടുകളിലാണ് ഇത്തരത്തില്‍ പരിശോധന നടത്തിയത്.
ഏറ്റവും കൂടുതല്‍ വ്യാജ പ്രൊഫൈലുകാര്‍ പിന്തുടരുന്നതായി കണ്ടെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടാണ്. മോദിക്ക് മൂന്ന് ലക്ഷത്തോളം ട്വിറ്റര്‍ അനുയായികളെയാണ് നഷ്ടമായിരിക്കുന്നത്. വ്യാജ ഐഡികള്‍ പൂട്ടിച്ച് തുടങ്ങിയതോടെ കഴിഞ്ഞ ജൂലായ് മുതല്‍ ഏറ്റവും ഒടുവിലെ കണക്ക് പ്രകാരമാണിത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 17,000 പേരേയാണ് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ ട്വിറ്റര്‍ വ്യാജ അക്കൗണ്ട് വേട്ട കര്‍ശനമാക്കിയതോടെ ഒരു ലക്ഷത്തോളം അനുയായികളെ മോദിക്ക് നഷ്ടമായപ്പോൾ രാഹുലിന് ഒമ്പതിനായിരം പിന്തുടർച്ചക്കാരെയാണ് നഷ്ടമായത്.
മോദി കഴിഞ്ഞാല്‍ ട്വിറ്ററില്‍ വ്യാജ അനുയായികള്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനാണെന്ന് നവംബര്‍ മുതലുള്ള കണക്കുകള്‍ പറയുന്നു. 40300 പേരെയാണ് നവംബര്‍ മുതല്‍ കെജ്‌രിവാളിന്റെ ഫോളോവേഴ്‌സില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇത്തരത്തില്‍ 16500 അനുയായികളെ നഷ്ടപ്പെട്ടിട്ടുണ്ട്.
ട്വിറ്ററില്‍ വ്യാജ അനുയായികള്‍ കൂടുതലുള്ളവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബിജെപി നേതാക്കള്‍ തന്നെയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവരും ട്വിറ്റര്‍ പണി തുടങ്ങിയതോടെ നിരവധി അനുയായികളെ നഷ്ടപ്പെട്ടവരാണ്.
2014-ലെ പൊതുതിരഞ്ഞെടുപ്പ് വിശകലനം ചെയ്യുമ്പോള്‍ പത്ത് ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് 2.1 കോടി ട്വീറ്റുകള്‍ എന്ന നിലയിലാണ് ഒഴുകിയെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ 31.64 ശതമാനം ട്വീറ്റുകള്‍ മാത്രമെ ഉള്ളുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates