

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ അറ്റോര്‍ണി ജനറലും ഭരണഘടനാ വിദഗ്ധനുമായ സോളി സൊറാബ്ജി. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് മതഭ്രാന്താണെന്നാണ് അദ്ദേഹം പറയുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമത്തെ തടയുന്നവരെ മാറ്റിനിര്‍ത്തി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് സോളി സൊറാബ്ജി പറഞ്ഞു. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ അത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിധി നടപ്പാക്കിയില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ വീഴ്ച്ചയാകുമെന്നതിനാല്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. ആക്ടിവിസ്റ്റ്, അല്ലാത്തവര്‍ എന്ന വിവേചനം ഇല്ല. ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം ഒഴിവാക്കി ശബരിമല സ്ത്രീകള്‍ക്ക് തുറന്നു കൊടുക്കുന്നതാണ് സുപ്രീംകോടതി വിധി. ഇത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനാണ് അദ്ദേഹം പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും വിധിയെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും സോളി സൊറാബ്ജി കുറ്റപ്പെടുത്തി.
വിധിക്ക് എതിരേ നിയമമോ ഓര്‍ഡിനന്‍സോ ഇറക്കിയാല്‍ അത് ഭരണഘടനാപരമായി നിലനില്‍ക്കില്ല. ഭരണഘടനാപരമായ ലിംഗ നീതി ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിധിയെന്നാണ് അദ്ദേഹം പറയുന്നത്. ഇതുവായി ബന്ധപ്പെട്ട ഏതെങ്കിലും വിധികള്‍ക്ക് വിരുദ്ധമായോ മറ്റോ വിധി വന്നാല്‍ മാത്രമേ പുനഃപരിശോധനയ്ക്ക് സാധ്യതയുള്ളൂ. അല്ലാതെടുത്തോളം പുനഃപരിശോധന ഹര്‍ജി പരിഗണിക്കപ്പെടാനുള്ള സാധ്യതകള്‍ കുറവാണെന്നും സോളി സൊറാബ്ജി ചൂണ്ടിക്കാട്ടി. ശബരിമലയുടെ കേസില്‍ പുനഃപരിശോധന, തിരുത്തല്‍ ഹര്‍ജി എന്നിങ്ങനെ കാര്യങ്ങള്‍ അനന്തമായി കൊണ്ടുപോകാന്‍ കഴിയില്ല. വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പ്രതിഷേധം ഇന്ത്യയുടെ മുഖച്ഛായ അന്താരാഷ്ട്ര തലത്തില്‍ കളങ്കപ്പെടുത്തുകയാണെന്നും സോളി സോറാബ്ജി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates