

ന്യൂഡല്‍ഹി: പൗരത്വഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടത്തിയ സമരം ബിജെപിയുടെ തിരക്കഥയായിരുന്നെന്ന് ആംആദ്മി പാര്‍ട്ടി. എഎപി വക്താവ് സൗരഭ് ഭരദ്വാജ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ആരോപിച്ചത്. ബിജെപി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സമരത്തിലാണ് തങ്ങള്‍ പങ്കുചേര്‍ന്നതെന്നതില്‍ സമരക്കാര്‍ക്ക് ലജ്ജ തോന്നണമെന്നും അദ്ദേഹം പറഞ്ഞു.
ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് എഎപിയുടെ ആരോപണം. ഈവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് സമരം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന്റെ ഓരോ ഘട്ടവും ആസൂത്രണം ചെയ്തതും ബിജെപിയുടെ ഉന്നത നേതാക്കളാണ്. ആരൊക്കെ എന്തൊക്കെ പറയണം, ആരൊക്കെ മറുപടി നല്‍കണം തുടങ്ങിയ കാര്യങ്ങളൊക്കെയും ബിജെപിയാണ് ആസൂത്രണം ചെയ്തതെന്നും ഭരദ്വാജ് ആരോപിച്ചു.
10 സ്ത്രീകളടങ്ങുന്ന സംഘമാണ് സമരം തുടങ്ങിയത്. വഴിതടഞ്ഞ് സമരം നടത്താന്‍ പോലീസ് അവരെ അനുവദിച്ചു. എന്നാല്‍ അതേ പോലീസ് ബില്ലിനെതിരെ സമരം നടത്താനെത്തിയ വിദ്യാര്‍ഥികളെയും സാമൂഹ്യ പ്രവര്‍ത്തകരെയും സമരത്തിന് അനുവദിച്ചില്ല. എല്ലാദിവസവും രാവിലെ ചിലര്‍ വന്ന് സമരത്തിനിരിക്കും. ഉച്ചകഴിഞ്ഞ് ഭക്ഷണം കഴിക്കാനായി പോകുമ്പോള്‍ അടുത്ത സംഘം വരും. കൃത്യമായ സമയ നിഷ്ഠയോടെയാണ് സമരം ആസൂത്രണം ചെയ്തതെന്നും ഭരദ്വാജ് ചൂണ്ടിക്കാണിക്കുന്നു.
സമരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ആളുകളാണോ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്, അതോ അവര്‍ ബിജെപിക്കൊപ്പം ഉണ്ടായിരുന്നവരാണോ? ഡല്‍ഹിയിലെ ബിജെപി അനുഭാവികളെ നിങ്ങള്‍ എതിര്‍ത്തവര്‍ യഥാര്‍ഥത്തില്‍ ബിജെപിയുടെ ആളുകള്‍ തന്നെയാണ് ഭരദ്വാജ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates