ചെന്നൈ: ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് ഉയർന്ന അഭ്യൂഹങ്ങൾ തള്ളി നടിയും തമിഴ്‌നാട്ടിലെ കോൺഗ്രസ് വക്താവുമായ ഖുശ്ബു. കേന്ദ്ര കാബിനറ്റ് അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്തു കൊണ്ട് ഖുശ്ബു ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പ്രതികരണമായ ഖുശ്ബുവിൽനിന്ന് ഉണ്ടായതെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തൊട്ടു പിന്നാലെ വിശദീകരണവുമായി അവർ തന്നെ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. സംഘികൾ ആഹ്ലാദിക്കേണ്ട ശാന്തരാകു താൻ ബിജെപിയിലേക്കില്ല എന്നായിരുന്നു അവരുടെ ട്വീറ്റ്.
സംഘികൾ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ ഞാൻ ബിജെപിയിലേക്കില്ല. എന്റെ അഭിപ്രായം പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽ നിന്ന് വ്യത്യസ്തമാകാം. എന്നാൽ സ്വന്തമായി ചിന്തിക്കുന്ന ഒരു മനസിന്റെ ഉടമയാണ് ഞാൻ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പലരും വിമർശിക്കുകയും പലരും പിഴവുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്നാൽ മാറ്റങ്ങളെ ഞാൻ സംശയത്തോടെ മാത്രം നോക്കിക്കാണുന്നില്ല. നല്ല വശങ്ങളും മോശമായ വശങ്ങളും അതിനുണ്ട്. അതെല്ലാം ഇപ്പോൾ വിശദീകരിക്കുന്നില്ല.
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. താൻ എപ്പോഴും അങ്ങനെയാണ്. എന്നാൽ എതിർക്കേണ്ടവയെ ശക്തമായി എതിർക്കുകയും ചെയ്യും. രാഷ്ട്രീയമെന്നാൽ ശബ്ദകോലാഹലം മാത്രമല്ല. പലപ്പോഴും ഒന്നിച്ചു നിൽക്കുകയും ചെയ്യേണ്ടിവരും. വിദ്യാഭ്യാസ നയം സംബന്ധിച്ച കാര്യത്തിൽ കേന്ദ്ര സർക്കാർ എല്ലാവരെയും വിശ്വാസത്തിൽ എടുക്കണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates