

ബംഗളൂരു: സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക പൂര്‍ണമായും തള്ളിക്കളഞ്ഞ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നടപടിയുടെ ഞെട്ടല്‍ മാറാതെ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും. മുതിര്‍ന്ന നേതാക്കളായ പ്രകാശ് ഷെട്ടി, പ്രഭാകര്‍ കോറ, രമേശ് കട്ടി എന്നിവരെയാണ് സംസ്ഥാനനേതൃത്വം നിര്‍ദേശിച്ചത്. മൂന്നുപേരെയും തള്ളിയാണ് കേന്ദ്രനേതൃത്വം അപ്രതീക്ഷിതമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ബെലഗാവിയില്‍ നിന്നുള്ള ഈരണ്ണ കഡദി, റായ്ച്ചൂരില്‍നിന്നുള്ള അശോക് ഗസ്തി എന്നിവരെയാണ് കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥികളാക്കിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍, മുഖ്യമന്ത്രി യെദിയൂരപ്പ എന്നിവര്‍ അംഗീകരിച്ച പട്ടികയില്‍ ഇവരുടെ പേര് ഉണ്ടായിരുന്നില്ല. ഈരണ്ണ ലിംഗായത്ത് നേതാവും ബിജെപി ബെലഗാവി ജില്ലാ മുന്‍ അധ്യക്ഷനുമാണ്. അശോക് ഗസ്തി ബിജെപിയിലെ പിന്നാക്കവിഭാഗനേതാവാണ്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ കേന്ദ്രനേതൃത്വത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അതൃപ്തിയിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം. പരസ്യപ്രതികരണത്തിന് തല്‍ക്കാലം ആരും മുതിര്‍ന്നേക്കില്ലെങ്കിലും, വരുംദിവസങ്ങളില്‍ ഇത് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമാക്കിയേക്കും.
എട്ട് തവണ എംഎല്‍എ ആയിട്ടും മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ഉമേഷ് കട്ടിയെ അനുനയിപ്പിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ സഹോദരനെ സംസ്ഥാനനേതൃത്വം രാജ്യസഭാ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിര്‍ദ്ദേശിച്ചതിന് പുറമെ വേറെ പേരുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് യെദിയൂരപ്പ തന്റെ ജിയോളജിക്കല്‍ സെക്രട്ടറി ശങ്കരഗൗഡ പാട്ടീലിന്റെ പേരും മുന്നോട്ട് വച്ചിരുന്നു.
ബിജെപിക്ക് 117 നിയമസഭാംഗങ്ങളുടെ പിന്തുണയുള്ളതിനാല്‍ രണ്ടുപേരുടെ വിജയം ഉറപ്പാണ്. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ഈരണ്ണ കഡദിയും അശോക് ഗസ്തിയും ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഉപമുഖ്യമന്ത്രി സി എന്‍ അശ്വന്ത്‌നാരായണ്‍ രംഗത്തെത്തി. പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ളവരും ഇപ്പോള്‍ തിരിച്ചറിയപ്പെട്ട് തുടങ്ങിയിരിക്കുന്നു.ഇത് മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates