സിബിഐയിലെ ഉള്‍പ്പോര് ; ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി 

കൈക്കൂലി കേസില്‍ സിബിഐ കേസെടുത്ത സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് അവധിയില്‍ പോകാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു
സിബിഐയിലെ ഉള്‍പ്പോര് ; ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി 
Updated on
1 min read

ന്യൂഡല്‍ഹി : സിബിഐ തലപ്പത്തെ ഉള്‍പ്പോരിനൊടുവില്‍ ഡയറക്ടര്‍ തെറിച്ചു. സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ജോയിന്റ് ഡയറക്ടർ എന്‍ നാഗേശ്വരറാവുവിനാണ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയത്. കൈക്കൂലി കേസില്‍ പ്രതിയായ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് അവധിയില്‍ പോകാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇഷ്ടക്കാരനായ സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയതാണ് വര്‍മയുടെ സ്ഥാനചലനത്തിലേക്ക് എത്തിച്ചത്. അസ്താനക്കെതിരെ കൈക്കൂലി കേസില്‍ സിബിഐ കേസെടുത്തതോടെയാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയിലെ തമ്മിലടി രൂക്ഷമായത്. 

പ്രതിചേര്‍ത്തുകൊണ്ടുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസ്താന ഹൈക്കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി അസ്താനയുടെ അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞു. കേസില്‍ അറസ്റ്റിലായ സിബിഐ ഡിഎസ്പി ദേവേന്ദര്‍കുമാറിന്റെ ഹര്‍ജിയില്‍ സിബിഐയ്ക്കും സിബിഐ ഡയറക്ടര്‍ക്കും കോടതി നോട്ടിസ് അയച്ചു.

ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി സർക്കാരിനും നാണക്കേടായതോടെ സിബിഐയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തിയിരുന്നു.  സ്പെഷൽ ഡയറക്ടർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഡയറക്ടർ അലോക് വർമയെ കഴിഞ്ഞ ദിവസം മോദി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. അസ്താനയും പ്രധാനമന്ത്രിയെ കണ്ടു കാര്യങ്ങൾ വിശദീകരിച്ചു.

കേന്ദ്രഭരണ പ്രദേശങ്ങളടങ്ങുന്ന കേഡറിലൂടെ 22–ാം വയസ്സിൽ സിവിൽ സർവീസിലെത്തിയ ആളാണ്  അലോക് വർമ. ഡൽഹി പൊലീസ് കമ്മിഷണർ, ജയിൽ ഡിജിപി തുടങ്ങിയ പദവികൾക്കു ശേഷമായിരുന്നു സിബിഐയിലേക്കുള്ള വരവ്. സിബിഐയിൽ മുൻപരിചയം പോലുമില്ലാതിരുന്നിട്ടും നേരിട്ടു ഡയറക്ടർ പദവിയിലെത്തിയെന്ന അപൂർവതയും വർമയ്ക്കുണ്ടായിരുന്നു.

 1984 ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താന ഗുജറാത്ത് കേഡറിൽ നിന്നാണ് സിബിഐയിലേക്ക് എത്തുന്നത്. വഡോദര ഐജി ആയിരിക്കുമ്പോൾ നടന്ന ഗോധ്ര സംഭവം, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ കാലിത്തീറ്റ കുംഭകോണം തുടങ്ങിയ കേസുകളിലൂടെയാണ് അസ്താന ദേശീയശ്രദ്ധ നേടിയത്. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാട്, വിജയ് മല്യയുടെ വായ്പതട്ടിപ്പ് തുടങ്ങിയവയുടെ അന്വേഷണച്ചുമതലയും അസ്താനയ്ക്കായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com