ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നീട്ടണമെന്ന് മന്ത്രിതല സമിതി. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നത് നാലാഴ്ച കൂടി നീട്ടണം. മതപരമായ ചടങ്ങുകള്‍ക്ക് ഒത്തുകൂടുന്നതും സമാനമായ കാലയളവില്‍ അനുവദിക്കരുതെന്നും മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തു. ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രമേ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുകയുളളൂ എന്ന സൂചനകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിതല സമിതിയുടെ ശുപാര്‍ശകള്‍ പുറത്തുവന്നത്.
കോവിഡ് വ്യാപനം തടയുന്നിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. ഏപ്രില്‍ 14 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ സമയപരിധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേന്ദ്രതലത്തില്‍ സജീവമായി നടക്കുകയാണ്.
ലോക്ക്ഡൗണ്‍ പിന്‍വലിക്കുമോ, ഇല്ലയോ എന്നത് കണക്കാക്കാതെ തന്നെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നത് ഒരു മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന് സമിതി നിര്‍ദേശിച്ചു. അതായത് മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ല. അതേപോലെ തന്നെ ജനങ്ങള്‍ ഒത്തുകൂടാന്‍ സാധ്യതയുളള എല്ലാ സ്ഥലങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണം. മതപരമായ ചടങ്ങുകള്‍ സമിതി എടുത്തുപറഞ്ഞിട്ടുണ്ട്. ഇവിടെ ആളുകള്‍ കൂടുന്നത് നിയന്ത്രിക്കുന്നതിന് ഡ്രോണ്‍ പോലുളള സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തു. ഇതിന് പുറമേ ഷോപ്പിങ് മാള്‍ പോലെ കൂടുതല്‍ ആളുകള്‍ തടിച്ചുകൂടാന്‍ സാധ്യതയുളള മേഖലകള്‍ തുറന്നുകൊടുക്കുന്നത് നാലാഴ്ചത്തേയ്ക്ക് കൂടി നീട്ടണമെന്നും നിര്‍ദേശിക്കുന്നു. സമിതി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി.
ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഇന്നലെ പറഞ്ഞിരുന്നു. ദേശീയ താത്പര്യം കണക്കിലെടുത്ത് ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചിരുന്ന വരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നതാണ് വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates