

ന്യൂഡല്‍ഹി: സ്വകാര്യത പൗരന്‍മാരുടെ മൗലിക അവകാശമെന്ന് സുപ്രിം കോടതി വിധിച്ചതോടെ സര്‍ക്കാരിന്റെ ഏതാണ്ട് എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തുലാസിലായി. പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നായിരുന്നു, സുപ്രിം കോടതിക്കു മുന്നില്‍ വാദഗതികളില്‍ ഒന്ന്. ഇത് മൗലിക അവകാശങ്ങളുടെ ലംഘനമാണന്നും വാദമുയര്‍ന്നു. ഇതിനെത്തുടര്‍ന്നാണ് സ്വകാര്യത മൗലിക അവകാശം ആണോയെന്ന് സുപ്രിം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ സ്ഥാപിച്ച് ആധാറിനു തുടക്കമിട്ടപ്പോള്‍ തന്നെ അതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു കണക്കിലെടുക്കാതെ ആധാറുമായി മുന്നോട്ടുപോയ സര്‍ക്കാര്‍ പെട്രോളിയം സബ്‌സിഡി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. ഇതിനെത്തുടര്‍ന്നാണ് സുപ്രിം കോടതിയില്‍ ആധാറിനെതിരെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ആധാര്‍ നിര്‍ബന്ധമല്ലെന്നും ഇതു പൗരന്മാര്‍ക്കു സ്വമേധയാ സ്വീകരിക്കാവുന്ന സംവിധാനം മാത്രമാണെന്നുമായിരുന്നു കേന്ദ്ര നിലപാട്. എന്നാല്‍ ഭക്ഷ്യ സബ്‌സിഡി മുതല്‍ പല സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സബ്‌സിഡിയുടെ ദുരുപയോഗം തടയല്‍ എന്ന കേന്ദ്രവാദം അംഗീകരിച്ച സുപ്രിം കോടതി ഭക്ഷ്യ സബ്‌സിഡി, പെട്രോളിയം സബ്‌സിഡി ഉള്‍പ്പെടെ ഏതാനും സേവനങ്ങള്‍ക്കുമാത്രമായി ഇടക്കാല വിധിയില്‍ ആധാര്‍ പരിമിതപ്പെടുത്തി.
പാര്‍ലമെന്റിലെ നിയമ നിര്‍മാണത്തിന്റെ പിന്‍ബലമില്ലാതെയായിരുന്നു യുപിഎ സര്‍ക്കാര്‍ പല സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യസഭയുടെ എതിര്‍പ്പു മറികടക്കാന്‍ മണി ബില്‍ ആയി അവതരിപ്പിച്ച് ആധാര്‍ നിയമമാക്കി. തുടര്‍ന്ന് സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി മുതല്‍ പാന്‍ വരെയുള്ള നിരവധി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവുകളിറങ്ങി. ഇതിനിടയിലാണ് ആധാറിനെതിരായ പ്രധാന വിമര്‍ശനമായ സ്വകാര്യാ ലംഘനം പരിശോധിക്കാന്‍ സുപ്രിം കോടതി പ്രത്യേക ബെഞ്ച് നിയോഗിച്ചത്.
സ്വകാര്യത മൗലിക അവകാശമോയെന്ന കേസിന്റെ വാദത്തിനിടെ പൗരന്മാരുടെ ശരീരത്തിനു മേല്‍ അവര്‍ക്കു പരമാധികാരമില്ലെന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിലപാടെടുത്തത് ഏറെ വിവാദമായിരുന്നു. വിരലടയാളം, റെറ്റിനയുടെ ചിത്രം എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പൗരന്മാരുടെ ആധാര്‍ ജനറേറ്റ് ചെയ്യുന്നത്. എന്റോള്‍മെന്റ് ഏജന്‍സികളില്‍നിന്നും സര്‍വറില്‍നിന്നും ഇവ ചോര്‍ന്നത് വിമര്‍ശനങ്ങള്‍ക്കു കരുത്തു പകര്‍ന്നു. ആധാര്‍ വിവരങ്ങള്‍ സംഭരിച്ചിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ സുരക്ഷിതമെന്നു പറയാനാവില്ലെന്നും ദുരുപയോഗ സാധ്യത ഉണ്ടെന്നും യുഐഡിഎഐയുടെ സ്ഥാപകന്‍ നന്ദന്‍ നിലേഖനി തന്നെ ഇതിനിടെ വെളിപ്പെടുത്തി.
സ്വകാര്യ മൗലിക അവകാശമാണെന്നും അതിലേക്കു കടന്നുകയറാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്നുമുള്ള സുപ്രിം കോടതി വിധിയോടെ ബയോമെട്രിക് വിവരങ്ങള്‍ നിര്‍ബന്ധപൂര്‍വം പകര്‍ത്തുന്ന ആധാറില്‍ എന്റോള്‍ ചെയ്യാന്‍ സര്‍ക്കാരിന് ഇനി പൗരനെ നിര്‍ബന്ധിക്കാനാവില്ല. ആധാര്‍ പൗരന് സ്വമേധയാ ചേരാവുന്ന സംവിധാനമാണെന്ന, തുടക്കത്തില്‍ സുപ്രിം കോടതിയില്‍ എടുത്ത നിലപാടിലേക്ക് സര്‍ക്കാരിന് പിന്‍വലിയേണ്ടി വരും. ആധാര്‍ ഇല്ലെന്നതിന്റെ പേരില്‍ സര്‍ക്കാരിന്റെ ഒരു സേവനവും പൗരന് നിഷേധിക്കാനുമാവില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്വകാര്യത മൗലിക അവകാശമായി കാണാനാവില്ലെന്ന് 1954ല്‍ എട്ടംഗ ബെഞ്ചും 1962ല്‍ ആറംഗ ബെഞ്ചും വ്യക്തമാക്കിയിരുന്നു. ഒന്‍പതംഗ ബെഞ്ചിന്റെ വിധിയോടെ ഇത് നിലവില്‍ ഇല്ലാതായി.
ഭരണഘടന ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കാത്ത സാഹചര്യത്തില്‍ സ്വകാര്യതയെ മൗലിക അവകാശമായി കണക്കാക്കാനാവില്ലെന്ന നിലപാടാണ് സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ബിജെപി ഭരണ സംസ്ഥാനങ്ങളുടെയും നിലപാട് ഇതായിരുന്നു. മറ്റു മൗലിക അവകാശങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ടെന്നും അവയ്ക്കു സമാനമായ നിയന്ത്രണങ്ങളോടെയുള്ള മൗലിക അവകാശമാണ് സ്വകാര്യത എന്നുമാണ് കേരളം കേസില്‍ സ്വീകരിച്ച നിലപാട്. സ്വകര്യതയിലുള്ള ഏകപക്ഷീയമായ കൈകടത്തല്‍ അനുവദിക്കാന്‍ കഴിയില്ല. സ്വകാര്യതയില്‍ സര്‍ക്കാരുകള്‍ കൈകടത്തുന്നത് ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വിവാഹം, മാതൃത്വം. ജനനം, വികാരങ്ങള്‍, പ്രണയം, വ്യക്തിപരമായ ചിന്താ രീതികള്‍, കല്‍പ്പനകള്‍ തുടങ്ങിയവയൊക്കെ സര്‍ക്കാര്‍ നിരീക്ഷിക്കുകയും പകര്‍ത്തുകയും ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുകയും ചെയ്യുന്നത് വിവരങ്ങള്‍ സംരക്ഷിക്കാന്‍ പോലും പര്യാപ്തമായ സംവിധാനം ഇല്ലാത്ത രാജ്യത്ത് അപകടകരമെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാട്ടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates