

ന്യൂഡല്‍ഹി: മൂന്നു മാസത്തിനപ്പുറം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ഹിന്ദി മേഖലയില്‍ ഗംഭീര തിരിച്ചുവരവു നടത്തിയ കോണ്‍ഗ്രസ് ഛത്തിസ്ഗഢില്‍ ബിജെപിയെ നിഷ്പ്രഭമാക്കി അധികാരം തിരിച്ചുപിടിച്ചു. രാജസ്ഥാനിലും കേവലഭൂരിപക്ഷത്തിലേക്ക് അടുക്കുന്ന പാര്‍ട്ടി ഭരണം ഏറെക്കുറെ ഉറപ്പിച്ചു. മധ്യപ്രദേശില്‍ കടുത്ത മത്സരം കാഴ്ചവച്ച കോണ്‍ഗ്രസ് ബിജെപിയുമായി ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. തെലങ്കാനയില്‍ മികച്ച പ്രകടനത്തോടെ ടിആര്‍എസ് ഭരണം നിലനിര്‍ത്തിയപ്പോള്‍ മിസോറാമില്‍ പത്തു വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യമായി.
ഛത്തിസ്ഗഢില്‍ പ്രവചനങ്ങളെ കാത്തില്‍ പറത്തിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. 90ല്‍ 57 സീറ്റും കോണ്‍ഗ്രസ് നേടിയപ്പോള്‍ പതിനഞ്ചു വര്‍ഷം നീണ്ട ബിജെപി ഭരണത്തിന് നിറംകെട്ട അവസാനം. കഴിഞ്ഞ തവണ തേടിയ 49ല്‍ പകുതിയോളം സീറ്റുകള്‍ നഷ്ടമായ ബിജെപി 24ല്‍ ഒതുങ്ങി.
199 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പു നടന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് 95 സീറ്റില്‍ ലീഡ് നേടി മുന്നേറുകയാണ്. 100 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എണ്‍പതു സീറ്റുമായി ബിജെപി ഏറെ പിന്നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി.
മധ്യപ്രദേശില്‍ അനുനിമിഷം മാറിമറിയുന്ന ലീഡു നിലയില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. ഒരുര ഘട്ടത്തില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 116ഉം കടന്നു മുന്നേറിയ കോണ്‍ഗ്രസ് ലീഡ് നില 118 വരെ എത്തി. അടുത്ത റൗണ്ടില്‍ ലീഡ് തിരിച്ചുപിടിച്ച ബിജെപി 114 സീറ്റില്‍ മുന്നിലാണ്. ചെറുകക്ഷികളുടെ നിലപാടു നിര്‍ണായകമാവുന്ന നിലയിലേക്കാണ് തെരഞ്ഞെടുപ്പു ഫലം എത്തുന്നത്.
തെലങ്കാനയില്‍ ചോദ്യം ചെയ്യാനാവാത്ത വിജയം സ്വന്തമാക്കിയാണ് ടിആര്‍എസ് അധികാരം നിലനിര്‍ത്തിയത്. നിയമസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പു നടത്താനുള്ള മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ തീരുമാനം ശരിവച്ച വോട്ടര്‍മാര്‍ പാര്‍ട്ടിക്കു പിന്നില്‍ ഉറച്ചുനിന്നു. 119 സീറ്റില്‍ 84ഉം നേടിയാണ് ടിആര്‍എസ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. കോണ്‍ഗ്രസ് 26 സീറ്റ് നേടിയപ്പോള്‍ ടിഡിപിക്ക് അക്കൗണ്ട് തുറക്കാനായില്ല.
മിസോറാമിലും ഭരണം നഷ്ടമായതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അവസാനത്തെ കോണ്‍ഗ്രസ് അധികാര സാന്നിധ്യവും ഇല്ലാതായി. പത്തുവര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച തെരഞ്ഞെടുപ്പില്‍ എംഎന്‍എഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 40 സീറ്റില്‍ 28 ഇടത്തും പാര്‍ട്ടി വിജയം നേടി. ഏഴു സീറ്റാണ് കോണ്‍ഗ്രസിനു ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates