

ഷിംല: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൈമെയ് മറന്ന് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. സിപിഎം ശക്തികേന്ദ്രങ്ങളിലെ പ്രചാരണം ശക്തമാക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ രംഗത്തെത്തിയതോടെ പാര്‍ട്ടി ക്യാംപിലെ പ്രതീക്ഷകളും വാനോളമുയര്‍ന്നിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് യെച്ചൂരി പ്രചാരണം കൊഴുപ്പിക്കുന്നത്. മോദി ഗവണ്‍മെന്റ് നടപ്പാക്കിയ നാട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തെന്നും സാധാരണക്കാരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം ഷിംലയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. ഷിംല നിയമസഭാമണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ സഞ്ജയ് ചൗഹാന്‍, കുസുംപാടിയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുല്‍ദീപ് തന്‍വാര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് യെച്ചൂരിയെത്തിയത്.
അടുത്ത് കാലത്തായി സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ഏറ്റെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. എന്നാല്‍ ആര്‍എസിസിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് അദ്ദേഹമെന്നകാര്യം മറക്കരുതെന്നും യെച്ചൂരി പറഞ്ഞു. അതേ ആര്‍എസ്എസ്സുകാര്‍ തന്നെയാണ് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നത്. ഏകാധിപത്യ ഭരണത്തിലേക്കാണ് അവര്‍ ഇന്ത്യയെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നോട്ട് നിരോധനം നടപ്പാക്കിയത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ചെറിയ, ഇടത്തരം വ്യവസായങ്ങളെയാണ്. അതിനാലാണ് ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നോട്ട് നിരോധനം നടപ്പാക്കിയ നവംബര്‍ എട്ട് കരിദിനമായി ആചരിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഉള്ളവനും ഇല്ലത്തവനും തമ്മിലുള്ള അന്തരത്തില്‍ വലിയ വര്‍ധനവുണ്ടായെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജിഡിപിയുടെ 49 ശതമാനമായിരുന്നു രാജ്യത്തെ ഒരു ശതമാനം കൈയടക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജിഡിപിയുടെ 60 ശതമാനം നിയന്ത്രിക്കുന്നത് ഒരു ശതമാനം വരുന്ന ജനസംഖ്യയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്ന കുത്തഴിഞ്ഞ ഭരണത്തേയും സിപിഎം പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഷിംലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ലോകവ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സംസ്ഥാനത്തെ ക്രമസമാധന നിലയെ ചോദ്യം ചെയ്യുന്ന സംഭവമാണിതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷണി അലി പറഞ്ഞു. സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പ് ഇല്ലാതാക്കിയ മുഖ്യമന്ത്രി വീരഭന്ദ്ര സിംഗ് അവസരം കിട്ടിയാല്‍ അസംബ്ലി ഇലക്ഷനും ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു.
68 അംഗ ഹിമാചല്‍ അസംബ്ലിയിലേക്ക് നവംബര്‍ 9 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന ഭരണത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബിജെപിയും കേന്ദ്ര ഭരണത്തിലെ പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. 2016 ല്‍ 36 സീറ്റില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 27 സീറ്റില്‍ ബിജെപിയും അഞ്ച് സീറ്റില്‍ സ്വതന്ത്രരുമാണ് വിജയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates