

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ സമാപന വേദിയിൽ ആവേശമായി നടൻ മോഹൻലാൽ. സ്കൂൾ കലോത്സവ വേദിയിൽ എത്താൻ കഴിഞ്ഞതിന് വലിയ ഭാഗ്യമായിട്ടും പുണ്യമായിട്ടും കരുതുന്നുവെന്നും മോഹൻലാൽ പറഞ്ഞു. മന്ത്രി ശിവൻകുട്ടി പറഞ്ഞിട്ടാണ് ഖദർ ധരിച്ച് താനെത്തിയതെന്നും അതുപോലെ കുട്ടികൾക്ക് വേണ്ടിയാണ് മീശ പിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആവേശകരമായ പോരാട്ടത്തിൽ കണ്ണൂർ ആണ് കപ്പ് സ്വന്തമാക്കിയത്. "തൃശൂരിലെ ഏറ്റവും പ്രിയവും പരിപാവനുമായ സ്ഥലത്ത് നിന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ ഈ യുവജനോത്സവത്തിന്റെ ഭാഗമായ കുട്ടികളോട് ഞാൻ സംസാരിക്കുക എന്ന് പറയുന്നത്, ഏറ്റവും വലിയ ഭാഗ്യമായിട്ടും പുണ്യമായിട്ടും കരുതുന്നു.
അതിന് കാരണമായ വടക്കും നാഥനെ ഓർത്തുകൊണ്ട് ഞാൻ നിങ്ങളോട് സംസാരിക്കാം. ഓം നമശിവായ. വളരെ സന്തോഷത്തോടെയാണ് ഞാനിവിടെ നിൽക്കുന്നതും നിങ്ങളോട് സംസാരിക്കുന്നതും. ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞതുപോലെ എന്ത് വേഷമിട്ടാണ് വരുന്നതെന്ന് ഒരു വലിയ ചർച്ചാ വിഷയമായിരുന്നു. അപ്പോൾ എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിൽ ഖദർ ധരിച്ചു.
പിന്നെ കുട്ടികൾക്ക് വേണ്ടി കുറച്ച് മീശയും പിരിച്ചു. എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ പറ്റില്ല. ഇത് ഏറ്റവും നല്ല വേഷമാണ്. ഞാൻ കൈത്തറിയുടെ അംബാസിഡർ ആയിട്ടൊക്കെ നിന്നിട്ടുള്ള ആളാണ്. എനിക്ക് ഇഷ്ടപ്പെട്ട വേഷമാണ്. എന്റെ അടുത്ത് മന്ത്രി പറഞ്ഞു ഇങ്ങനെ തന്നെ വരണമെന്ന്. നന്ദി സാർ. ശിവൻകുട്ടി സാർ എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, എന്തായാലും ഞാൻ വരും.
കാരണം ഇതിന് മുൻപ് പല പ്രാവശ്യവും എന്നെ ക്ഷണിച്ചപ്പോൾ എനിക്ക് വരാൻ കഴിഞ്ഞില്ല. പല തിരക്കുകൾ കാരണം. ഇന്ന് ഇത്രയും വലിയൊരു ചടങ്ങിൽ വന്നില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായി പോയേനെ എന്ന് ഞാൻ കരുതുന്നു. എന്ത് അസൗകര്യമുണ്ടായാലും ഇന്ന് വരണമെന്ന് ഞാൻ വിചാരിച്ചതാണ്.
എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതു കൊണ്ട് എനിക്കിതിൽ പങ്കെടുക്കാനായി. അതിലെനിക്ക് നിങ്ങളേക്കാൾ അധികം സന്തോഷമുണ്ട്. കലാകാരൻ ആയതു കൊണ്ട് തന്നെ ഈ വേദിയോട് എനിക്ക് അത്രയും ആദരവ് ആണുള്ളത്". - മോഹൻലാൽ പറഞ്ഞു.
"ഈ കലോത്സവത്തിൽ പങ്കെടുത്തവരോടും പങ്കെടുക്കാനാകത്തവരോടും വിജയിച്ചവരോടും വിജയിക്കാത്തവരോടും എനിക്ക് പറയാൻ ഒരു കാര്യമേ ഉള്ളൂ. നിങ്ങളിലെ കലാകാരനെ അല്ലെങ്കിൽ കലാകാരിയെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുത്. നിങ്ങളുടെ മുന്നിലുള്ള സാധ്യതകളുടെ ആകാശം അനന്തമാണ്.
നിങ്ങളുടെ ഉള്ളിലെ കലാകാരനെ മിനുക്കിയെടുക്കുക പരമാവധി അവസരങ്ങൾ വിനിയോഗിക്കുക. നിങ്ങളുടെ കലയോടുള്ള ആത്മാർപ്പണം ആത്മാർഥമാണെങ്കിൽ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ഞാനിത് പറയുന്നത് എന്റെ അനുഭവത്തിൽ നിന്നാണ്. 64-ാമത് സ്കൂൾ കലോത്സവത്തിൽ സമ്മാനർഹരായ എല്ലാവർക്കും അഭിനന്ദനങ്ങൾ". - മോഹൻലാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates