മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷ ഹൈക്കോടതിയില്‍

പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്
മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷ ഹൈക്കോടതിയില്‍
Updated on: 
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ നാദിര്‍ഷ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. ജാമ്യ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.

കേസില്‍ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ പൊലീസിനു ലഭിച്ചതായാണ് വിവരം. ഇതിനെത്തുടര്‍ന്നാണ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നാദിര്‍ഷയോട്് ആവശ്യപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് നാദിര്‍ഷ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണോ ഇതെന്നു പൊലീസ് സംശയിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്കു പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍നിന്നു വ്യക്തമായത് എന്നാണ് അന്നു പൊലീസ് നല്‍കിയ സൂചന. എന്നാല്‍ ദിലീപിനെ കേസില്‍നിന്നു രക്ഷിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ നാദിര്‍ഷ പങ്കാളിയാണ് എന്നായിരുന്നു പൊലീസിന്റെ നിഗമനം. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ ഇതു പരിശോധിക്കാം എന്ന വിലയിരുത്തലില്‍ ആയിരുന്നു സംഘം. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നാദിര്‍ഷയ്ക്ക് അറിയാമായിരുന്നെന്നും ചോദ്യം ചെയ്യലില്‍ അതു മറച്ചു വയ്ക്കുകയായിരുന്നെന്നും അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നാദിര്‍ഷയോട് ആവശ്യപ്പെട്ടത്.


മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തകളിലുള്ളത് ദിലീപിനെതിരായ തെളിവുകളുടെ ഒരു അംശം മാത്രമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന് ദിലീപ് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷികളുണ്ട്. ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നതു പോലെ ടവര്‍ ലൊക്കേഷന്‍ തെളിവുകള്‍ മാത്രമല്ല കേസില്‍ കണ്ടെത്തിയിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാദിര്‍ഷയ്ക്ക് അറിയാമായിരുന്നെന്നും ആദ്യ ചോദ്യം ചെയ്യലില്‍ മറച്ചുവച്ചെന്നുമാണ് പൊലീസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com