സമരം നിയമപരമല്ല ; കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ ഹൈക്കോടതി

നേരത്തെ നോട്ടീസ് നല്‍കിയത് സമരം ചെയ്യാനുള്ള അനുമതിയല്ല. കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണെന്ന് ഓര്‍മ്മ വേണമെന്നും കോടതി
സമരം നിയമപരമല്ല ; കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ ഹൈക്കോടതി
Updated on: 
1 min read

കൊച്ചി : കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകളുടെ പണിമുടക്കിനെതിരെ ഹൈക്കോടതി. സമരം നിയമപരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സമരം മാറ്റി വെച്ചുകൂടേ. നിയമപരമായ മാര്‍ഗങ്ങളുള്ളപ്പോള്‍ എന്തിന് സമരവുമായി മുന്നോട്ടുപോകുന്നുവെന്ന് കോടതി സമരക്കാരോട് ചോദിച്ചു. നേരത്തെ നോട്ടീസ് നല്‍കി എന്നുള്ളത് സമരം ചെയ്യാനുള്ള അനുമതിയല്ല. കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണെന്ന് ഓര്‍മ്മ വേണമെന്നും കോടതി പറഞ്ഞു.  

സമരം നടത്തുന്നത് ഒരു വിഷയത്തിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ്. ഇവിടെ നിങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തില്‍ അധികാരികള്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. യാത്രക്കാരുടെ അവകാശങ്ങളും പരിഗണിക്കേണ്ടതുണ്ട്. സമരം നടത്താനുള്ള അവകാശം പോലെ അത് തടയാനുള്ള നടപടികളും നിയമത്തില്‍ പറയുന്നുണ്ട്. അക്കാര്യവും സമരക്കാര്‍ ഓര്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു സമയപരിധി കോടതി നിശ്ചയിക്കണമെന്ന് തൊഴിലാളികളുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ഉച്ചയ്ക്ക് ശേഷവും കോടതി പരിഗണിക്കും. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ എന്ന സംഘടനയാണ് പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

അതേസമയം കെഎസ് ആര്‍ടിസിയിലെ ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് ഒഴിവാക്കാന്‍ എംഡി ടോമിന്‍ തച്ചങ്കരി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പണിമുടക്ക് നടത്താനുള്ള തീരുമാത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി. സമരത്തില്‍ നിന്നും പിന്മാറില്ല. പണിമുടക്ക് പിന്‍വലിക്കില്ല. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള നീക്കമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്നും തൊഴിലാലി സംഘടനകള്‍ ആരോപിച്ചു. 

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം, ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലൂടെയുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണു സമിതി മുന്നോട്ടുവച്ചിട്ടുള്ളത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, െ്രെഡവേഴ്‌സ് യൂണിയന്‍ എന്നിവയാണ് സംയുക്ത സമിതിയിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com