

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനുള്ള ശ്രമം കൂടുതല്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 49 അദാലത്തുകളാണ് പൂര്‍ത്തീകരിച്ചത്. ഇനി 29 അദാലത്തുകളാണ് ബാക്കിയുള്ളത്.
ഇന്നലെ വരെ അദാലത്തിലേക്ക് 36,931 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 12,738 പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 19,253 പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. 4,940 പരാതികള്‍ക്കാണ് അദാലത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയാതെ വന്നിട്ടുള്ളത്. ഇതില്‍ പകുതിയിലേറെ അദാലത്തിന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് പുറത്തുള്ളതും നിയമപ്രശ്‌നങ്ങള്‍ അടക്കമുള്ളതും അദാലത്തിന്റെ സമയപരിധിയില്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതുമാണ്. ഈ പ്രക്രിയ ഇവിടെ അവസാനിക്കുകയല്ല. പരാതികള്‍ പരിഹരിക്കാനുള്ള ശ്രമം കൂടുതല്‍ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ പലഘട്ടങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 ഏപ്രില്‍ -മെയ് മാസങ്ങളില്‍ താലൂക്ക് തലത്തില്‍ കരുതലും കൈതാങ്ങും എന്ന പേരില്‍ അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ ഫലപ്രദമായി സംഘടിപ്പിച്ചു. ഇതിലൂടെ നിരവധി പേരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. കളക്ടറേറ്റിലേയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അദാലത്തുകള്‍ നടന്നത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി തന്നെ പരിഹാരം കണ്ടെത്താന്‍ സാധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates