

മലപ്പുറം: കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. മലപ്പുറത്തെ യുഡിഎഫ് ജനപ്രതിനിധികളില്‍ അമുസ്ലീങ്ങളുടെ കണക്കുള്‍പ്പെടെ പറഞ്ഞാണ് വി എസ് ജോയ് സജി ചെറിയാനെതിരെ വിമര്‍ശനമുന്നയിച്ചത്.
ജില്ലയില്‍ യുഡിഎഫ് ബാനറില്‍ ജയിച്ച 666 കോണ്‍ഗ്രസ് ജനപ്രതിനിധികളില്‍ 319 പേരും അമുസ്ലീങ്ങളാണെന്ന് വിഎസ് ജോയ് പറഞ്ഞു. ആകെ 472 അമുസ്ലീം സഹോദരങ്ങളാണ് യുഡിഎഫ് ബാനറില്‍ മലപ്പുറത്ത് മത്സരിച്ച് വിജയിച്ചതെന്നും കണക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെങ്കിലും ചില ചൊറിയന്‍മാരുടെ ചൊറിച്ചില്‍ തീര്‍ക്കാന്‍ പറഞ്ഞെന്നേ ഉള്ളൂവെന്നും വി.എസ് ജോയ് പറഞ്ഞു.
മതേതരത്വം സംരക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയെ കുന്തവും കുടച്ചക്രവുമായി കാണുന്ന സജി ചെറിയാന്‍ മതേതരത്വം പൂത്തുലയുന്ന മലപ്പുറത്തെ ആക്ഷേപിക്കുന്നതില്‍ ഒട്ടും അത്ഭുതമില്ല. ചാണകക്കുഴിയില്‍ വീണുപോയാല്‍ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ലെന്നും വിഎസ് ജോയ് വിമര്‍ശിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
'മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബാനറില്‍ ജയിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ എണ്ണം 666 ആണ്. അതില്‍ അമുസ്ലിം സഹോദരങ്ങളുടെ എണ്ണം 319 ആണ്.
1456 ജനപ്രതിനിധികളെ വിജയിപ്പിച്ച മുസ്ലിം ലീഗ് ജനപ്രതിനിധികളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സ്മിജി ഉള്‍പ്പെടെ 153 ജനപ്രതിനിധികള്‍ അമുസ്ലിം സഹോദരങ്ങളാണ്. അതായത് 472ല്‍ അധികം അമുസ്ലിം സഹോദരങ്ങള്‍ യുഡിഎഫ് ബാനറില്‍ മലപ്പുറത്ത് മത്സരിച്ചു വിജയിച്ചവരാണ്.
എന്റെ നാടായ പോത്തുകല്ല് പഞ്ചായത്തിലെ വെള്ളിമുറ്റം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചത് കോണ്‍ഗ്രസുകാരിയും ക്രൈസ്തവ സഹോദരിയുമായ റീന ജിജോ ആണ്. കണക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നറിയാം... എന്നാലും ചില ചൊറിയന്‍മാരുടെ ചൊറിച്ചില്‍ തീര്‍ക്കാന്‍ പറഞ്ഞെന്നേ ഉള്ളൂ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates