കൊച്ചി: കടമ്പ്രയാറില്‍ നിന്നും മോഷ്ടിച്ച ഹെല്‍മെറ്റ് വില്‍ക്കാന്‍ ഓണ്‍ലൈന്‍ പരസ്യം നല്‍കിയ പതിനഞ്ചുകാരനെ പിടികൂടി താക്കീത് ചെയ്ത് പൊലീസ് വിട്ടയച്ചു. 5000 രൂപ വിലവരുന്ന ഹെല്‍മെറ്റാണ് മോഷ്ടിച്ചത്. ഒഎല്‍എക്‌സ് സൈറ്റ് വഴി ഫോണ്‍ നമ്പറിടാതെ ഓഫര്‍ വില ചോദിച്ചായിരുന്നു പരസ്യം. ഹെല്‍മെറ്റ് നഷ്ടപ്പെട്ടവര്‍ സൈറ്റില്‍ രണ്ടായിരം രൂപ വിലപറഞ്ഞതോടെ ഫോണ്‍ നമ്പറടക്കം നല്‍കി. വാങ്ങിയപ്പോഴാണ് മോഷ്ടാവ് കുട്ടിയാണെന്നറിഞ്ഞത്. പൊലീസില്‍ അറിയിച്ചതോടെ ഹെല്‍മറ്റ് ഉടമയ്്ക്ക് തിരികെ നല്‍കി കുട്ടിയെ വിട്ടയച്ചു.
ബൈക്കിലെ പിന്‍യാത്രക്കാരനും കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് മോഷണം വ്യാപകമായത്. ബൈക്കുകളില്‍ നിന്നുമാണ് മോഷണം കൂടുതലായി നടക്കുന്നത്. റോഡരുകില്‍ പാര്‍ക്ക് ചെയ്യുന്ന ബൈക്കില്‍ ഇപ്പോള്‍ മൂന്ന് ഹെല്‍മെറ്റ് വരെ ഉണ്ടാകാറുണ്ട്. ഇതില്‍ നിന്നാണ് പലപ്പോഴും ഒരെണ്ണം കാണാതെയാകുന്നത്. തെരുവില്‍ ഹെല്‍മെറ്റ് വില്‍ക്കുന്ന ഇതരസംസ്ഥാനക്കാരടക്കം മോഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് വെക്കാന്‍ സുരക്ഷിതമായ ഇടം ഉണ്ട് എന്നാല്‍ ബൈക്കുകാരാണ് വലയുന്നത്.
ടൗണിലെ സ്റ്റേഷനുകളില്‍ ഹെല്‍മെറ്റ് മോഷണ പരാതികള്‍ നിരവധി എത്തുന്നുണ്ട്. വേണ്ടത്ര തെളിവില്ലാതെ ആര്‍ക്കെതിരെയും നടപടിക്ക് മുതിരാന്‍ പൊലീസിന് കഴിയുന്നില്ല. യാത്രക്കാര്‍ തന്നെ ജാഗ്രത പാലിച്ചാല്‍ മാത്രമെ മോഷണത്തിന് തടയിടാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates