ഉള്ളുലഞ്ഞ 20 മണിക്കൂറുകള്‍; കുട്ടിയെ കണ്ടെത്തിയത് അറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞ് നന്ദി പറഞ്ഞ് അമ്മ സിജി

ഉള്ളുലഞ്ഞ 20 മണിക്കൂറുകള്‍; കുട്ടിയെ കണ്ടെത്തിയത് അറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞ് നന്ദി പറഞ്ഞ് അമ്മ സിജി

ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്നാണ് അമ്മ സിജി മാധ്യമങ്ങളോട് പറഞ്ഞത്
Published on

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്തിയോ എന്ന് കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ മുഴുവനും ആകാംക്ഷയായിരുന്നു. ഒടുവില്‍ കുഞ്ഞിനെ കണ്ടെത്തിയ വിവരമറിഞ്ഞ് അബിഗേലിന്റെ അമ്മ സിജി റെജി പൊട്ടിക്കരയുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ആശങ്കയും ദുഃഖവും എല്ലാം അവസാനിച്ച നിമിഷങ്ങളായിരുന്നു അത്. 

പിന്നിട്ട 20 മണിക്കൂറും അവളെ കണ്ടെത്തിയോ എന്ന് കൊച്ചു കുട്ടികളടക്കം അങ്ങേയറ്റം ആകാംക്ഷയോടെ ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ കൊല്ലം ആശ്രമം മൈതാനത്ത് നിന്ന് അവളെ കണ്ടെത്തിയെന്ന വിവരം വന്നപ്പോള്‍ ആ കുടുംബത്തിനൊപ്പം എല്ലാവരുടേയും നെഞ്ചില്‍ നീണ്ട ആശ്വാസത്തിന്റെ നെടുവീര്‍പ്പാണുണ്ടായത്. കുട്ടിയെ കണ്ടെത്തി കൊല്ലം എആര്‍ ക്യാമ്പില്‍ എത്തിച്ചു. അവളുടെ അമ്മയും കുഞ്ഞു സഹോദരനും അവളോട് വീഡിയോ കോളില്‍ കണ്ട നിമിഷം വീട്ടില്‍ കൂടി നിന്നവരുടെയെല്ലാം ഹൃദയത്തിലും കണ്ണിലും സന്തോഷത്തിന്റെ ആനന്ദാശ്രു പൊഴിച്ചു. സന്തോഷത്തിന്റേയും ആശ്വാസത്തിന്റേയും നിമിഷങ്ങള്‍ക്കൊപ്പം പിന്നിട്ട 20 മണിക്കൂര്‍ അവര്‍ അനുഭവിച്ച മാനസിക വ്യഥയുടേയും കാഴ്ച വഴിമാറിയത് ആരെയും സ്പര്‍ശിക്കുന്നതാണ്. അമ്മയെ വീഡിയോ കോളില്‍ കണ്ടപ്പോള്‍ അബിഗേലിന്റെ മുഖത്ത് സന്തോഷത്തിന്റെ ചിരി പടരുന്നത് കാണാമായിരുന്നു. കണ്ടെത്തുമ്പോള്‍ അവള്‍ അത്രയും ക്ഷീണിതയായിരുന്നു. 

ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്നാണ് അമ്മ സിജി മാധ്യമങ്ങളോട് പറഞ്ഞത്. രാത്രിയായി, പിന്നീട് രാവിലെ കൂടി ആയപ്പോഴേക്കും ടെന്‍ഷന്‍ കൂടി. ഒന്നും വരുത്തരുതേ എന്നായിരുന്നു പ്രാര്‍ഥനയെന്നും അമ്മ പറഞ്ഞു. പറഞ്ഞത് പൂര്‍ത്തിയാക്കാനാവാതെ അവരുടെ വാക്കുകള്‍ മുറിയുകയായിരുന്നു. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് അബിഗേലിന്റെ സഹോദരന്‍ ജോനാഥനും മാധ്യമങ്ങളോട് പ്രതികരിച്ചു. അവളെത്തിയാല്‍ ഉടന്‍ ഭക്ഷണം നല്‍കുമെന്നാണ് സഹോദരന്‍ പറഞ്ഞത്. 

തിങ്കളാഴ്ച വൈകിട്ട് ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com