Sabarimala
സൈബര്‍ ഹെല്‍പ്പ് ഡെസ്‌കിലൂടെയാണ് ഭക്തജനങ്ങള്‍ക്ക് നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുത്ത് നല്‍കുന്നത് (sabarimala)പ്രതീകാത്മക ചിത്രം

'ഉടനടി ട്രേസിങ്'; ശബരിമല തീർത്ഥാടന കാലത്ത് നഷ്ടപ്പെട്ടത് 230 ഫോണുകൾ, വീണ്ടെടുത്ത് പൊലീസ്

ശബരിമല തീര്‍ത്ഥാടനത്തില്‍ ഭക്തജനങ്ങള്‍ക്ക് നഷ്ടമായ ഫോണുകള്‍ കണ്ടെത്തി നല്‍കി പമ്പ പൊലീസ്
Published on

തിരുവനന്തപുരം: ശബരിമല (sabarimala) തീര്‍ത്ഥാടനത്തില്‍ ഭക്തജനങ്ങള്‍ക്ക് നഷ്ടമായ ഫോണുകള്‍ കണ്ടെത്തി നല്‍കി പമ്പ പൊലീസ്. പമ്പ പൊലീസ് സ്റ്റേഷനില്‍ പുതിയതായി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച സൈബര്‍ ഹെല്‍പ്പ് ഡെസ്‌കിലൂടെയാണ് ഭക്തജനങ്ങള്‍ക്ക് നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുത്ത് നല്‍കുന്നത്. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്ത് അയ്യപ്പ ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളില്‍ 230 പേര്‍ക്ക് ഫോണ്‍ നഷ്ടമായി. അതില്‍ 102 ഫോണുകള്‍ പൊലീസ് കണ്ടെത്തി തിരികെ ഉടമസ്ഥര്‍ക്ക് നല്‍കി.

സൈബര്‍ ഹെല്‍പ്ലൈന്‍ രൂപികരിക്കുന്നത്തിന്റെ ഭാഗമായി 12 അംഗ പ്രത്യേക അന്വേഷണ സംഘത്തെ തെരഞ്ഞെടുത്ത് അവര്‍ക്ക് സെന്‍ട്രല്‍ ഇക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ പോര്‍ട്ടല്‍ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കി. ഭക്തജനങ്ങളുടെ പരാതി ലഭിക്കുമ്പോള്‍ അവരില്‍ നിന്ന് നഷ്ടമായ ഫോണിന്റെ വിവരങ്ങള്‍ ശേഖരിച്ച് സി ഇ ഐ ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യും. ഇതോടെ ഈ ഫോണ്‍ ബ്ലോക്ക് ചെയ്യപ്പെടും. തുടര്‍ന്ന് ആ ഫോണ്‍ ഏതെങ്കിലും നെറ്റവര്‍ക്കിലൂടെ പുനര്‍പ്രവര്‍ത്തനം ആരംഭിച്ചാല്‍ സര്‍വീസ് പ്രോവൈഡര്‍ പോര്‍ട്ടല്‍ വഴി പരാതിക്കാരനും, പരാതി രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനിലേക്കും വിവരം ലഭിക്കും. തുടര്‍ന്ന് ഈ ഫോണ്‍ നിലവില്‍ ഉപയോഗിക്കുന്ന നമ്പറിലേക്ക് സൈബര്‍ ഹെല്‍പ്ലൈന്‍ ഡെസ്‌കിലെ ഉദ്യോഗസ്ഥര്‍ വിളിച്ച് വിവരം ധരിപ്പിക്കുകയും ഫോണ്‍ കൈവശം വച്ചിരിക്കുന്നയാള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്യും.

ഫോണുകളില്‍ കൂടുതലും കേരളത്തിന് പുറത്ത് നിന്നുമാണ് കണ്ടെത്തിയത്. കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് കണ്ടെത്തിയ ഫോണുകള്‍ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു നല്‍കിയിരുന്നു. ഇതുവരെ തിരികെ ലഭിച്ച 102 ഫോണുകളില്‍ 25 ഫോണുകള്‍ മെയ് മാസത്തിലാണ് കണ്ടെത്തിയത്.

ഫോണ്‍ നഷ്ടമായി ഉടനെ പരാതിപ്പെട്ടവരില്‍ ചിലര്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ കണ്ടെത്തി നല്‍കാനും കഴിഞ്ഞതായി കേരള പൊലീസ് അറിയിച്ചു. ഡിസംബര്‍ മാസത്തില്‍ പരാതി ലഭിച്ച് 3 മണിക്കൂറിനുള്ളില്‍ 2 ഫോണുകള്‍ കണ്ടെത്തി.

പമ്പയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന ബസ്സില്‍ ഫോണുകള്‍ ഉണ്ടെന്ന് അവയുടെ ലൊക്കേഷന്‍ ട്രേസ് ചെയ്ത് കണ്ടെത്തിയതില്‍ നിന്നും എരുമേലിയില്‍ വെച്ച് മോഷ്ടാവിനെ പിടികൂടി ഫോണുകള്‍ വീണ്ടെടുത്തിട്ടുണ്ട്. നഷ്ടപ്പെട്ട ഫോണുകളില്‍ പലതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പലപ്പോഴും ചെന്നെത്തുന്നത് സെക്കന്റ് ഹാന്‍ഡ് ഫോണുകള്‍ വില്‍ക്കുന്ന മൊബൈല്‍ കടകളിലാകും. അവ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശത്തില്‍ റാന്നി ഡിവൈഎസ്പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ പമ്പ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലാണ് സൈബര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. എസ്‌സിപിഒമാരായ സാംസണ്‍ പീറ്റര്‍, സൂരജ് ആര്‍ കുറുപ്പ്, എസ് ദിനേശ്, സിപിഒമാരായ അരുണ്‍ മധു, സുധീഷ് എസ്, രാജേഷ് കെ വി, എസ് അരുണ്‍, അനുരാഗ് കൃഷ്ണന്‍, സജീഷ് ജെ ആര്‍, രാഹുല്‍ പി എച്ച്, നവാസ് എ, അനു എസ് രവി എന്നിവരാണ് സൈബര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ പ്രവത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com