

തിരുവനന്തപുരം; കേന്ദ്രനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശിയ പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂര്‍ പൊതുപണിമുടക്ക് ഇന്ന് രാത്രി 12 വരെ തുടരും. കെഎസ്ആര്‍ടിസിയിലെ യൂണിയനുകളും സ്വകാര്യ ബസുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാത്രി 12 മണിയോടെ നിര്‍ത്തി. പൊതുഗതാഗതം സ്തംഭിക്കുന്നത് ജനങ്ങളെ സാരമായി ബാധിക്കും.
എന്നാല്‍ പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ വ്യക്തമാക്കി. തുറക്കുന്ന കടകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ ബുധനാഴ്ച രാവിലെ തൊഴില്‍ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും. തുടര്‍ന്ന് 10 മുതല്‍ വൈകിട്ട് ആറുവരെ ജില്ലാ, നിയോജകമണ്ഡല കേന്ദ്രങ്ങളില്‍ സത്യഗ്രഹമിരിക്കും.അവശ്യ സര്‍വീസുകളായ പാല്‍, ആശുപത്രി, പത്രം എന്നിവയെയും ശബരിമല തീര്‍ഥാടക വാഹനങ്ങളെയും ടൂറിസം മേഖലയെയും ഒഴിവാക്കിയിട്ടുണ്ട്.
മിനിമം വേതനം പ്രതിമാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമം മുതലാളിമാര്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യാതിരിക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക, കര്‍ഷക കടങ്ങള്‍ എഴുതിതള്ളുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates