

കൊച്ചി: ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശലില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. 2019ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണമാണ് കാണാതായിട്ടുള്ളത്. ശില്‍പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കമ്പനിക്ക് നിര്‍ദേശം നല്‍കി. 474.99 ഗ്രാം സ്വര്‍ണത്തിന്റെ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു.
ചെന്നൈയിലെത്തിച്ച ചെമ്പുപാളികളില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാല്‍ ഇതില്‍ വീണ്ടും സ്വര്‍ണം പൂശാന്‍ സാധിക്കില്ലെന്ന് സ്മാര്‍ട് ക്രിയേഷന്‍സ് അറിയിച്ചു. എന്നാല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ഇതില്‍ നിന്നുള്ള സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. തുടര്‍ന്ന് ചെമ്പുപാളികള്‍ വീണ്ടും സ്വര്‍ണം പൂശി. ബാക്കി കൈമാറിയ 474.9 ഗ്രാം സ്വര്‍ണത്തിന്റെ കാര്യം അന്വേഷിക്കണമെന്നും ദേവസ്വം വിജിലന്‍സ് ഓഫീസര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ശബരിമല ദ്വാരപാലക ശിൽപത്തിലെ യഥാർത്ഥ സ്വർണപാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ അറിവോടെ ഉരുക്കിയെന്നാണ് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലെ നിഗമനം. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഉരുക്കിയപ്പോൾ ഒരു കിലോ സ്വർണം ലഭിച്ചു. പുതിയ ചെമ്പുപാളിയിലാണ് സ്വർണം പൂശിയത്. ചെമ്പുപാളികളിൽ പൂശിയത് 394 ഗ്രാം മാത്രമാണ്. ബാക്കി വന്ന 474 .9 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി. 120 ഗ്രാം സ്വർണം പണിക്കൂലിയായി കമ്പനിയെടുത്തുവെന്നും പങ്കജ് ഭണ്ഡാരിയുടെ മൊഴിയിൽ സൂചിപ്പിക്കുന്നു.
ശബരിമലയിലെ സ്വര്‍ണപാളി മറിച്ചു വിറ്റുവെന്നാണ് ദേവസ്വം വിജിലന്‍സിന്റെ വിലയിരുത്തല്‍. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വം വിജിലന്‍സ് എസ് പി നേരിട്ട് കോടതിയില്‍ ഹാജരായാണ് റിപ്പോര്‍ട്ട് നല്‍കിയത്. 20 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. സ്വര്‍ണക്കവര്‍ച്ചയ്ക്ക് വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയാണ് നടന്നത്. 2016 മുതല്‍ നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് 2019ല്‍ നടന്നത് എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ദേവസ്വം കമ്മിഷണറുടെ നിര്‍ദ്ദേശം അനുസരിച്ചെന്ന് ഹൈക്കോടതി വിലയിരുത്തി. ദേവസ്വം ബോര്‍ഡിന്റെ രേഖകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം സംശയകരമെന്ന് കോടതി അഭിപ്രായപ്പെട്ടു ജനാധിപത്യ രാജ്യത്ത് സുതാര്യത അനിവാര്യമാണ്. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. മാധ്യമങ്ങളിൽ ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. സത്യം പുറത്തു വരുന്നത് വരെ മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ദേവസ്വം ചീഫ് വിജിലന്‍സ് ഓഫിസറുടെ റിപ്പോര്‍ട്ട് ഇന്നു തന്നെ ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. ബോര്‍ഡ് ഇതു സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണം. തുടര്‍ന്ന് സ്വര്‍ണക്കൊള്ളയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ദ്വാരപാലക ശിൽപങ്ങളിലെ ചെമ്പുപാളികൾക്ക് പുറമെ, ലിന്റൽ, വശങ്ങളിലെ ഫ്രെയിമുകൾ എന്നിവയിൽ സ്വർണം പൂശിയതിൽ ക്രമക്കേടുണ്ടോ എന്ന് എസ്ഐടിക്ക് പരിശോധിക്കാം. പ്രത്യേക കേസുകൾ റജിസ്റ്റർ ചെയ്ത് അന്വേഷണിക്കണോ എന്നത് എസ്ഐടിക്ക് തീരുമാനിക്കാം. അന്വേഷണം അതീവ രഹസ്യമായിരിക്കണമെന്നും, ഒന്നര മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
