50 women can relax at a time, new resting center at Pampa
ശബരിമല ഫയല്‍ ചിത്രം

50 വനിതകള്‍ക്ക് ഒരേ സമയം വിശ്രമിക്കാം, പമ്പയില്‍ പുതിയ വിശ്രമ കേന്ദ്രം; സന്നിധാനം വരെ 258 കാമറകള്‍, നിരീക്ഷണം ശക്തമാക്കി

തീര്‍ഥാടകര്‍ക്ക് ഒപ്പം എത്തുന്ന വനിതകള്‍ക്ക് ഇനി പമ്പയില്‍ സുഖമായും സുരക്ഷിതമായും വിശ്രമിക്കാം.
Published on

ശബരിമല: തീര്‍ഥാടകര്‍ക്ക് ഒപ്പം എത്തുന്ന വനിതകള്‍ക്ക് ഇനി പമ്പയില്‍ സുഖമായും സുരക്ഷിതമായും വിശ്രമിക്കാം. സ്ത്രീകള്‍ക്കായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിര്‍വഹിച്ചു.

പമ്പ ഗണപതി ക്ഷേത്രത്തിനു സമീപം 100 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഇതിനായി നിര്‍മിച്ചിട്ടുള്ളത്.50 സ്ത്രീകള്‍ക്ക് ഒരേ സമയം വിശ്രമിക്കാനുള്ള സൗകര്യം ഉണ്ട്. ശീതീകരിച്ച കെട്ടിടത്തില്‍ വിശ്രമമുറി, ഫീഡിങ് റൂം, ശുചിമുറി ബ്ലോക്ക് എന്നിവയും ഉണ്ട്. പമ്പയില്‍ വനിതകള്‍ക്കു വിശ്രമകേന്ദ്രം വേണമെന്നതു വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

ചോറൂണു വഴിപാടിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കു പമ്പയില്‍ തങ്ങേണ്ടി വരുമ്പോള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയും.

സിസിടിവി നിരീക്ഷണം ശക്തമാക്കി

ശബരിമലയില്‍ തിരക്കുവര്‍ധിച്ചതോടെ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സിസിടിവി നിരീക്ഷണം പൊലീസ് ശക്തമാക്കി. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലന്‍സ് എന്നിവയുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.

ക്ഷേത്ര പരിസരം 24 മണിക്കൂറും CCTV കാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 കാമറകളാണ് പൊലീസ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിന്റെ മേല്‍നോട്ടം പൊലീസ് സ്‌പെഷ്യല്‍ ഓഫിസര്‍ പി ബിജോയ്ക്കാണ്. കാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ ഉടന്‍ തന്നെ പരിശോധിച്ച് അപ്പപ്പോള്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പമ്പ മുതല്‍ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാല്‍ തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com