തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. തിരുവനന്തപുരം കുളപ്പട സുവര്‍ണ നഗര്‍ എഥന്‍സില്‍ കെ മോഹനനെ(58)യാണ് കാണാതായത്. 50 പവനും അരലക്ഷം രൂപയും അടക്കമാണ് തിരോധാനം. മെയ് എട്ടാം തീയതി കാണാതായ ഇദ്ദേഹത്തെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കണ്ടെത്താനായിട്ടില്ല.
ഇതോടെ മോഹനനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ബന്ധുക്കള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ, പേരൂര്‍ക്കട-നെടുമങ്ങാട് റോഡില്‍ വെച്ചാണ് ഇയാളെ കാണാതാകുന്നത്. ഭാര്യാസഹോദരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പറന്തോട് ശാഖയുടെ മേല്‍നോട്ടക്കാരനായിരുന്നു മോഹനന്‍. കഴിഞ്ഞ 13 വര്‍ഷമായി സ്ഥാപനത്തില്‍നിന്ന് ബാങ്കിലേക്ക് പണവും സ്വര്‍ണവും കൊണ്ടുപോകുന്നതും എടുക്കുന്നതും ഇദ്ദേഹം തന്നെയായിരുന്നു.
മെയ് എട്ടാം തീയതിയും പതിവ് പോലെ പേരൂര്‍ക്കടയിലെ ബാങ്കിലെത്തി. 50 പവനും 64000 രൂപയുമായി അവിടെനിന്ന് കെ എല്‍ 21 പി 2105 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ആക്ടീവ സ്‌കൂട്ടറില്‍ മടങ്ങുകയും ചെയ്തു. പേരൂര്‍ക്കട- നെടുമങ്ങാട് റോഡില്‍ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപം വരെ മോഹനന്‍ എത്തിയതായി തെളിവ് ലഭിച്ചു. കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളില്‍ പകല്‍ 11.02ന് മോഹനന്‍ സ്‌കൂട്ടറില്‍ കടന്നുപോകുന്ന ദൃശ്യമുണ്ട്. എന്നാല്‍ പോകുന്ന വഴിയില്‍ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഹനന്റെ യാത്ര ഇല്ല.
പിന്നീടാരും മോഹനനെ കണ്ടിട്ടുമില്ല. ലോക്ഡൗണ്‍ കാലമായതിനാല്‍ തട്ടികൊണ്ടുപോകല്‍ സാധ്യത കുറവാണെന്ന നിഗമനത്തിലാണ് പൊലീസ്. മോഹനന്റെ മൊബൈല്‍ അവസാനം പ്രവര്‍ത്തിച്ചത് കരകുളത്തുവച്ചാണ്. നാട്ടില്‍നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യവും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. ഇതുവരെ ആരെയെങ്കിലും ബന്ധപ്പെട്ടതായ സൂചനകളും ലഭിച്ചിട്ടില്ല. നേരത്തെ കേസ് അന്വേഷിച്ച ഡിവൈഎസ്പി സ്ഥലംമാറി പോയി. പുതുതായി ചാര്‍ജെടുത്ത ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates