50,000 പേര്‍ക്ക് തൊഴില്‍, കുറഞ്ഞ പലിശയ്ക്ക് മൂലധനം; 'അതിജീവനം കേരളീയം' പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

റീബില്‍ഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാന്‍ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക
50,000 പേര്‍ക്ക് തൊഴില്‍, കുറഞ്ഞ പലിശയ്ക്ക് മൂലധനം; 'അതിജീവനം കേരളീയം' പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
Updated on
2 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ലോക്കല്‍ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി കുടുംബശ്രീ മുഖാന്തിരം 50,000 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കുന്നതിനായി 'അതിജീവനം കേരളീയം' പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റീബില്‍ഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാന്‍ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക. ഈ പദ്ധതിക്ക് പ്രധാനമായും അഞ്ച് ഉപഘടകങ്ങള്‍ ഉണ്ടാകും. ഇവ താഴെ.

യുവ കേരളം പദ്ധതി (60 കോടി)

10,000 യുവതീ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദരിദ്ര കുടുംബങ്ങളിലെ 18നും 35നും ഇടയില്‍ പ്രായമുള്ള അംഗങ്ങളായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍. പട്ടികവര്‍ഗവിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 45 വയസ്സുവരെ അംഗങ്ങളാകാം. 100 ശതമാനം സൗജന്യ പരിശീലനം, സൗജന്യ യാത്ര, താമസം, ഭക്ഷണം, യൂണിഫോം, പോസ്റ്റ് പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് , കൗണ്‍സിലിങ്, ട്രാക്കിങ് (ഒരു വര്‍ഷം) എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്.

കണക്ട് ടു വര്‍ക്ക്

തൊഴില്‍ വൈദഗ്ധ്യവും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിയിട്ടും അഭിമുഖങ്ങളെ മികച്ച രീതിയില്‍ നേരിടുന്നതിനു കഴിയാത്തതിനാല്‍ തൊഴില്‍ ലഭിക്കാതെ പോകുന്ന ധാരാളം യുവതീയുവാക്കള്‍ ഉണ്ട്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍. ഇത്തരം യുവതീ യുവാക്കളുടെ മൃദുനൈപുണ്യങ്ങള്‍ (സോഫ്റ്റ് സ്‌കില്‍) വികസിപ്പിക്കുക, അവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, തൊഴില്‍ വിപണിയുമായി ബന്ധിപ്പിക്കുക ഈ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പരിപാടിയാണ് 'കണക്ട് ടു വര്‍ക്ക്.' 5,000ത്തോളം യുവതീ യുവാക്കള്‍ക്ക് പരിശീലനം നല്‍കി ഇവരെ തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടുത്തി തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കേരള സംരംഭകത്വ വികസന പദ്ധതി

തെരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പ്രദേശത്തും പരമാവധി സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പ്രളയബാധിതമായ 14 ബ്ലോക്കുകളില്‍ കാര്‍ഷിക കാര്‍ഷികേതര മേഖലകളില്‍ 16,800പുതിയ സംരഭങ്ങള്‍ ആരംഭിക്കും. ഏകദേശം 20,000ത്തോളം ആളുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗങ്ങളാകാം. സംരഭകര്‍ക്കാവശ്യമായ മൂലധനം കുറഞ്ഞ പലിശക്ക് ബ്ലോക്ക്തല സമിതികള്‍ ലഭ്യമാക്കും. വ്യക്തിഗത സംരഭങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പരമാവധി അഞ്ചു ലക്ഷം രൂപയുമാണ് വായ്പയായി അനുവദിക്കുക. നാലുശതമാനം പലിശയാണ് ഈടാക്കുക. 70 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.

എറൈസ് പദ്ധതി

202021 സാമ്പത്തിക വര്‍ഷം 10,000 യുവതീ യുവാക്കള്‍ക്ക് എറൈസ് പദ്ധതിയിലുള്‍പ്പെടുത്തി തൊഴില്‍ ലഭ്യമാക്കും. തൊഴില്‍ വിപണിയില്‍ വളരെയധികം ആവശ്യമുള്ള പത്തുമേഖലകളില്‍ യുവതീ യുവാക്കള്‍ക്കും, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി വേഗത്തില്‍ വേതനം ലഭിക്കുന്ന തൊഴില്‍ (വേജ് എംപ്ലോയ്‌മെന്റ്) ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് പ്രളയക്കെടുതികള്‍മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി 201819 വര്‍ഷത്തിലാണ് 'എറൈസ്' പ്രോഗ്രാം ആരംഭിച്ചത്.

സൂക്ഷ്മ സംരംഭക വികസന പദ്ധതി

ഈ പദ്ധതി പ്രകാരം 3,000 വ്യക്തിഗത സംരംഭങ്ങളും 2,000 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ ലഭ്യമാക്കും. ഏകദേശം 10,000 പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. വ്യക്തിഗത സംരംഭകര്‍ക്ക് പരമാവധി 2.50 ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പരമാവധി പത്തു ലക്ഷം രൂപ വരെയുള്ളതുമായ പ്രോജക്ടുകള്‍ ഈ പദ്ധതി പ്രകാരം ഏറ്റെടുക്കാന്‍ കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com