

കാസർക്കോട്: അറബി ഭാഷയിലുള്ള ഖുറാൻ കൈ കൊണ്ടെഴുതി വിജയകരമായി പൂർത്തിയാക്കി 51കാരിയായ വീട്ടമ്മ. കാസർക്കോട് സീതാംഗോളിക്കു സമീപം മുഗു റോഡിൽ താമസിക്കുന്ന വീട്ടമ്മയായ ബദ്റുന്നിസ അബ്ദുല്ലയാണ് സമർപ്പണത്തിന്റെ ആത്മീയ പൂർത്തികരണ നിറവിലെത്തിയത്.
കഴിഞ്ഞ ആറ് വർഷമായി ബദ്റുന്നിസ ഖുറാൻ പഠിക്കുന്നുണ്ട്. ഒരു ഖുറാൻ കൈയെഴുത്തു മത്സരത്തിൽ പങ്കെടുത്തതോടെയാണ് വിശുദ്ധ ഗ്രന്ഥം മുഴുവൻ സ്വന്തം കൈപ്പടയിൽ പകർത്തി എഴുതാനുള്ള പ്രചോദനം കിട്ടിയതെന്നു അവർ പറയുന്നു. 2019ൽ ബദ്റുന്നിസ വേങ്ങരയിലെ ഖുറാൻ പഠന കേന്ദ്രം നടത്തിയ ഓൺലൈൻ ക്ലാസിൽ ചേർന്നിരുന്നു. അവിടെ വച്ചു നടന്ന ഖുറാൻ കൈയെഴുത്തു മത്സരത്തിലാണ് പങ്കെടുത്തത്.
എല്ലാ ദിവസവും രാവിലെ പ്രാർഥനയും ഖുറാൻ പാരായണവും നടത്തിയ ശേഷം അന്ന് വായിച്ച ഭാഗം പകർത്തിയെഴുതിയാണ് മുന്നോട്ടു പോയത്. രാവിലെയും വൈകീട്ടും മൂന്ന്, നാല് മണിക്കൂർ പകർത്തിയെഴുതാനായി നീക്കി വച്ചു. 750 മണിക്കൂറുകൾ എടുത്താണ് ഖുറാൻ പൂർണമായും സ്വന്തം കൈകൊണ്ടു എഴുതി പൂർത്തിയാക്കിയത്.
കാലിഗ്രാഫിയിൽ പരിശീലനമൊന്നും അവർക്കില്ല. എന്നാൽ യഥാർഥ ഖുറാനിനു സമാനമായി പേജിൽ ഡിസൈനുകളടക്കം വരച്ച് അവർ പുസ്തകം ഭംഗിയാക്കി. 2024 ജനുവരി മാസം മുതലാണ് എഴുതാൻ തുടങ്ങിയത്. 2025 ജനുവരിയിൽ എഴുത്തു പൂർത്തിയാക്കി. ഉംറ തീർഥാടന വേളയിൽ ലഭിച്ച ഖുറാൻ, അതിന്റെ കവർ, പേജ് ഡിസൈൻ എന്നിവയെല്ലാം കൈയെഴുത്തു പ്രതി തയ്യാറാക്കുന്നതിനു സഹായമായെന്നു ബദ്റുന്നിസ പറഞ്ഞു.
തുടക്കത്തിൽ ഒരു പേജിന്റെ പകുതി ഭാഗമാണ് എഴുതിയിരുന്നത്. നിരവധി ദിവസത്തെ പരിശീലനത്തിനൊടുവിൽ ഓരോ ദിവസവും ഒരു പൂർണ പേജ് പകർത്തുക എന്നായി. ഇങ്ങനെയൊരു പകർപ്പ് സൃഷ്ടിക്കാൻ വളരെയധികം ക്ഷമയും സമർപ്പണവും ആവശ്യമാണെന്നു ബദ്റുന്നിസ പറഞ്ഞു.
തുടക്കത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ടു, തെറ്റുകൾ വന്നു, നിരവധി പേജുകൾ ഒഴിവാക്കി മാറ്റിയെഴുതി. എന്നാൽ എല്ലാ തടസങ്ങളും തട്ടി മാറ്റി അവർ തന്റെ ദൃഢ തീരുമാനത്തിൽ ഉറച്ചാണ് ലക്ഷ്യം പൂർത്തിയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates