

തിരുവനന്തപുരം: 2025ല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് അപകടങ്ങളില്‍ 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായി കേരള പൊലീസ്. ഇതില്‍ 218 എണ്ണം കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിങ്ങില്‍ ഇടിച്ചിട്ടതിനെ തുടര്‍ന്നാണ് സംഭവിച്ചതെന്നും കേരള പൊലീസ് അറിയിച്ചു.
വാഹന അപകടങ്ങളില്‍ കാല്‍നടയാത്രക്കാരുടെ മരണനിരക്കില്‍ ആശങ്കാജനകമായ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കേരള പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി. ഇതിന്റെ ഭാഗമായി 1232 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 2,57,760 രൂപ പിഴ ചുമത്തുകയും ചെയ്തതായും കേരള പൊലീസ് വ്യക്തമാക്കി. ആകെ 32,116 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 182 കേസുകള്‍ കോടതിയിലേക്ക് വിടുകയും ചെയ്തു. ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും നടത്തിയത്.
നവംബര്‍ 14ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന പ്രവര്‍ത്തനത്തില്‍ കാല്‍നടയാത്രക്കാരുടെ ക്രോസിങ്ങുകളില്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുവദനീയമായ വഴിയുടെ അവകാശം അവഗണിക്കല്‍ എന്നിവ നിരീക്ഷിക്കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു വൈറ്റ് ലൈന്‍ ലൈഫ് ലൈന്‍ എന്ന പേരില്‍ ഈ ഡ്രൈവ് നടത്തിയത്. പ്രധാന ജംഗ്ഷനുകള്‍, അപകട സാധ്യതയുള്ള സ്ഥലങ്ങള്‍, തിരക്കേറിയ കാല്‍നട ഇടനാഴികള്‍ എന്നിവിടങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകളെ വിന്യസിച്ചു. നിയമലംഘകര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചു. സീബ്രാ ക്രോസിങ്ങുകളെ ബഹുമാനിക്കേണ്ടതിന്റെയും സുരക്ഷിതമായ ഡ്രൈവിങ് രീതികള്‍ പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പതിവായി പരിശോധനകള്‍ നടത്താന്‍ ഹൈവേ പട്രോള്‍ യൂണിറ്റുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍ പെടുന്ന പക്ഷം 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജനങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates