കോവിഡ് മരണങ്ങളില്‍ 87 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരില്‍; എറണാകുളം ജില്ലയിലെ കണക്കുകള്‍

ജില്ലയില്‍ ഇതുവരെ 6212  കോവിഡ് മരണങ്ങളാണു സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 87.13 ശതമാനവും വാക്‌സിന്‍ എടുക്കത്തവരാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

കൊച്ചി:  എറണാകുളം ജില്ലയിലെ കോവിഡ് മരണങ്ങളില്‍ 87.13 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരിലെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ജില്ലയില്‍ ഇതുവരെ 6212  കോവിഡ് മരണങ്ങളാണു സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 87.13 ശതമാനവും വാക്‌സിന്‍ എടുക്കത്തവരാണ്. 

ആദ്യ ഡോസ് വാക്‌സിന്‍ ഇനിയും എടുക്കാനുള്ളവരും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയമായവരും കരുതല്‍ ഡോസ് വാക്‌സിന് അര്‍ഹരായവരും എത്രയും വേഗം വാക്‌സിനെടുത്തു സുരക്ഷിതരാകണമെന്ന് അധികൃതര്‍ അറിയിച്ചു. പ്രമേഹം, രക്താതി സമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ അനുബന്ധ രോഗങ്ങളിലുള്ളവരിലാണു കൂടുതല്‍ മരണങ്ങളും (68.6%) ഉണ്ടായിട്ടുള്ളത്. ജി്ല്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത് കൂടുതല്‍ പുരുഷന്മാരാണ്- 65,13 ശതമാനം. 

ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിനടുത്ത് റിപ്പോര്‍ട്ട് ചെയ്തു വരുന്ന സാഹചര്യത്തില്‍ എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഗൃഹപരിചരണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലയിലെ ജനസംഖ്യയുടെ 19.31% പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്-7,37,636 പേര്‍. അഞ്ചിലൊരാള്‍ക്ക് എന്ന കണക്കില്‍ രോഗ ബാധയുണ്ടാകുന്നുണ്ട്. രോഗബാധിതര്‍ കൂടുതലും 20 നും 60നുമിടയില്‍ പ്രായമുള്ളവരാണ്. നിലവിലുള്ള ആക്റ്റീവ്  ക്ലസ്റ്ററുകളുടെ എണ്ണം 60 ആണ്. സ്‌കൂളുകള്‍ / കോളജുകള്‍, ഓഫീസ് / ബാങ്കുകള്‍ എന്നിവിടങ്ങളിലാണു കൂടുതല്‍ ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

നിലവിലുള്ള ആക്ടീവ് കേസുകളില്‍ 96.54 % വീടുകളിലും 3.45% ആശുപത്രികളിലുമാണ്, വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഐ.സി.യു (0.31%) ആവശ്യമായി വന്നിട്ടുള്ളൂ.

ഉയര്‍ന്ന പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം പോലെയുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഗൃഹപരിചരണം സ്വീകരിക്കാന്‍ പാടുള്ളു. അനുബന്ധ രോഗങ്ങളുള്ളവര്‍ രോഗം ബാധിച്ചാല്‍ ഡോക്ടറെ അറിയിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അനുബദ്ധ രോഗങ്ങള്‍ക്കു ചികിത്സയെടുക്കുന്നവര്‍ മരുന്നുകള്‍ മുടങ്ങാതെ കഴിക്കണം. അപായ സൂചനകള്‍ ദിവസവും നിരീക്ഷിക്കണം. 

ഗൃഹ പരിചരണത്തിലുള്ളവര്‍ ഓക്‌സിജന്റെ അളവ് സ്വയം നിരീക്ഷിക്കണം. രക്തത്തിലെ ഓക്‌സിജന്റെ അളവ് നോക്കിയാണ് എല്ലാ ചികിത്സാവിധികളും നിശ്ചയിക്കുന്നത്. സാധാരണ ഒരാളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് 95ന് മുകളിലായിരിക്കും. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ചും ബ്രെത്ത് ഹോള്‍ഡിങ് ടെസ്റ്റ് മുഖേനയും ഇതറിയാം. ഓക്‌സിജന്റെ അളവ് 94ല്‍ കുറവായാലും നാഡിമിടിപ്പ് 110ന് മുകളിലായാലും ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. മുറിക്കുള്ളില്‍ 6 മിനിറ്റ് പതുക്കെ നടന്ന ശേഷം ഓക്‌സിജന്റെ അളവ് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ 3 ശതമാനം കുറയുകയാണെങ്കില്‍ അത് ന്യൂമോണിയയുടെ ആരംഭമാണ്. ഉടന്‍ തന്നെ ഡോക്ടറെ വിവരം അറിയിക്കണം.

പള്‍സ് ഓക്‌സിമീറ്റര്‍ ലഭ്യമല്ലെങ്കില്‍ ബ്രെത്ത് ഹോള്‍ഡിങ് ടെസ്റ്റ് ചെയ്യേണ്ടതാണ്. ശ്വാസം അല്‍പം ദീര്‍ഘമായി വലിച്ചെടുത്ത ശേഷം എത്ര സെക്കന്റ് ശ്വാസം പിടിച്ച് വയ്ക്കാന്‍ സാധിക്കുന്നുവെന്ന് നോക്കുക. 25 സെക്കന്റ് ശ്വാസം പിടിച്ചു വയ്ക്കാന്‍ സാധിച്ചാല്‍ ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് അനുമാനിക്കാം. 15 സെക്കന്റ് പിടിച്ചുവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ന്യൂമോണിയയുടെ തുടക്കമാണെന്ന് കരുതണം. ഉടന്‍തന്നെ ഡോക്ടറുടെ സേവനം തേടണം. 15 മുതല്‍ 25 സെക്കന്റിന് താഴെ ശ്വാസം പിടിച്ചുവയ്ക്കാനേ സാധിച്ചുള്ളൂ എങ്കിലും ഡോക്ടറെ അറിയിക്കണം.

ഗൃഹ പരിചരണത്തിലുള്ളവര്‍ വീട്ടില്‍ കൂടെയുള്ളവര്‍ക്കു രോഗം പകരുന്നില്ലെന്നു ശ്രദ്ധിക്കണം. രോഗം പകരാതിരിക്കാന്‍ വായുസഞ്ചാരമുള്ള പ്രത്യേക മുറിയില്‍ താമസിക്കണം. രോഗിയെ ഒരാള്‍ മാത്രമേ പരിചരിക്കാന്‍ പാടുള്ളൂ. പൂര്‍ണമായും വാക്‌സിന്‍ എടുത്ത അനുബന്ധ രോഗങ്ങള്‍ ഇല്ലാത്ത ആള്‍ ആയിരിക്കണം പരിചരിക്കേണ്ടത്. രോഗിയും ആ വ്യക്തിയും എന്‍ 95 മാസ്‌ക് ധരിക്കുന്നത് അഭികാമ്യം.

രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ യഥാസമയം ഡോക്ടറുമായി ബന്ധപ്പെടണം. ഇ സഞ്ജീവിനിയിലൂടെ ഡോക്ടറുമായി 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. ചികിത്സിക്കുന്ന ഡോക്ടര്‍, തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക് ടര്‍, ആശവര്‍ക്കര്‍മാര്‍, ദിശ 104, 1056 എന്നിവരുമായി സംസാരിക്കാം.ജില്ലാ കണ്‍ട്രോള്‍ റൂമുമായും ബന്ധപ്പെടാം.  ജില്ലാ കണ്‍ട്രോള്‍റൂം നമ്പര്‍ : 0484 2368802/2368702.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com