

ആലുവ: നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിയിരിക്കുന്നു. ആദ്യം അതിനെ കടന്നു പോയവര്‍ക്ക് ഒന്നും തോന്നിയില്ല. പിന്നെ വന്നവരില്‍ ആരുടെയോ കണ്ണില്‍ അത് ഉടക്കി. കാറിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. അടിച്ചു പൊട്ടിച്ചതു തന്നെ. അടുത്തേക്ക് വന്ന് നോക്കിയപ്പോള്‍ കാറിനുള്ളില്‍ അവര്‍ കണ്ടത് ദുരൂഹത ഉയര്‍ത്തി.
കാറിനുള്ളിലുണ്ടായിരുന്നത് താറാവും മുയലും പിന്നെ ചുറ്റികയും കത്തിയും. പരസ്പരം യാതൊരു ചേര്‍ച്ചയുമില്ലാത്ത കാഴ്ചയായിരുന്നു അത്. പതിയെ കാറിന് ചുറ്റും കാഴ്ചക്കാണാന്‍ വന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. എന്താണ് തങ്ങള്‍ക്ക് മുന്നിലെ 'പസിലിന്റെ' പൊരുള്‍ എന്ന് ആര്‍ക്കും മനസിലായില്ല. ഇതിനിടെ കൂട്ടത്തിലാരോ പൊലീസിനെ വിവരമറിയിച്ചു. അങ്ങനെ പൊലീസെത്തി താറാവിനേയും മുയലിനേയും രക്ഷിച്ച് വെള്ളവും ഭക്ഷണവും നല്‍കി.
സമീപത്തെ വ്യാപാരികള്‍ തോട്ടുമുഖത്തെ പെറ്റ് ഷോപ്പുകാരെ വിവരം അറിയിച്ചതോടെ അവര്‍ വന്ന് താറാവിനേയും മുയലിനേയും കൊണ്ടു പോവുകയും ചെയ്തു. നാടാകെ കാറിനുള്ളിലെ കടങ്കഥയ്ക്കും പിന്നാലെ ഓടുമ്പോള്‍ ഇതിനൊക്കെ കാരണക്കാരന്‍ ആയ കാറുടമ വീട്ടില്‍ സുഖമായി കിടന്നുറങ്ങുകയായിരുന്നു, കഴിഞ്ഞ ദിവസത്തെ മദ്യപാനത്തിന്റെ ഹാങ്ങോവറിലായിരുന്നു ആശാന്‍.
ആലുവ കാസിനോ സ്വദേശിയാണ് കാറുടമ. വളര്‍ത്തുമൃഗങ്ങളോട് വലിയ സ്‌നേഹമുള്ള വ്യക്തി. കഴിഞ്ഞ ദിവസമാണ് തോട്ടുമുഖത്തെ പെറ്റ് ഷോപ്പില്‍ നിന്നും താറാവിനേയും മുയലിനേയും വാങ്ങുന്നു. ചെവ്വാഴ്ച രാത്രി അവരേയും കാറില്‍ കയറ്റി രാത്രി മദ്യപിക്കാനായി എത്തിയതായിരുന്നു. മദ്യപിച്ച് തിരികെ വന്നപ്പോഴാണ് കാറിന്റെ താക്കോലെടുക്കാന്‍ മറന്നുവെന്ന് മനസിലാക്കുന്നത്. അകത്തുള്ളവര്‍ക്ക് ശ്വാസം കിട്ടാന്‍ വേണ്ടി കാറിന്റെ ചില്ല് അടിച്ച് പൊട്ടിക്കുകയായിരുന്നു വിദ്വാനെന്നാണ് പൊലീസ് പറയുന്നത്.
കാറിനുള്ളിലുണ്ടായിരുന്ന ചുറ്റികയും കത്തിയുമൊക്കെ കാറുടമയുടെ പണിയായുധങ്ങള്‍ ആയിരുന്നുവെന്നും പൊലീസ് പറയുന്നു. ചില്ല് തകര്‍ത്ത കാറിന്റെ ഉള്ളിലുണ്ടായിരുന്ന രേഖങ്ങളൊന്നും നഷ്ടമായിട്ടില്ലെന്ന് കാറുടമയ്ക്ക് ആശ്വസിക്കാം. ബഹളമൊക്കെ ഒതുങ്ങിയ ശേഷം ഉച്ചയോടെ അദ്ദേഹം വന്ന് കാറ് കൊണ്ടുപോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates