

കൊച്ചി: കസ്റ്റഡി കേസില്‍ കോടതി ഹാളില്‍ ഇരുന്ന കുട്ടിയുടെ അടുത്ത് അനധികൃതമായി എത്തി സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി. ആറു വയസുകാരന്റെ കസ്റ്റഡിയില്‍ മാതാപിതാക്കള്‍ തമ്മിലുള്ള കേസിലാണ് സംഭവം. കോടതിയെ അലോസരപ്പെടുത്തുന്നതാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
മാതാപിതാക്കളില്‍ ആരോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് ചോദിച്ചറിയാനായി കോടതിയുടെ നിര്‍ദേശപ്രകാരമാണ് അമ്മ കുട്ടിയെ കോടതിയില്‍ എത്തിച്ചത്. കുട്ടി എത്തുമ്പോള്‍ ഉത്സാഹിയായിരുന്നുവെന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. നേരത്തെ കുട്ടി താമസിച്ചിരുന്നത് അച്ഛനോടൊപ്പമായിരുന്നു. ചേംബറില്‍ വെച്ച് കുട്ടിയോട് മാത്രം സംസാരിക്കാനായി നിര്‍ദേശിച്ചപ്പോള്‍ കുട്ടി പരിഭ്രാന്തിയിലാവുകയായിരുന്നു.
കോടതി വിവരം തിരക്കിയപ്പോഴാണ് കോടതിഹാളില്‍ ഇരിക്കുമ്പോള്‍ ഒരു അഭിഭാഷകന്‍ അരികിലെത്തി അച്ഛന്‍ താഴെ കാത്തിരിപ്പുണ്ടെന്ന് കുട്ടിയോട് പറഞ്ഞെന്ന് മനസിലാവുന്നത്. ഇയാള്‍ തിടുക്കത്തില്‍ പുറത്തേയ്ക്ക് പോയെന്നും കുട്ടി പറഞ്ഞു. ഇതോടെ കുട്ടി ആകെ പരിഭ്രാന്തിയിലായി. കുട്ടിയുടെ മാനസികാവസ്ഥയില്‍ കുട്ടിക്ക് ആരോടൊപ്പം പോകാനാണ് താല്‍പ്പര്യം എന്ന് ചോദിച്ചറിയാനും കോടതിക്ക് കഴിഞ്ഞില്ല. പിതാവിനോട് കോടതിയില്‍ എത്തരുതെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിതാവ് കോടതി അങ്കണത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പിന്നീടുള്ള അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. അഭിഭാഷകന്‍ ആരെന്ന് കണ്ടെത്താനായി കോടതിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും തിരിച്ചറിയാനായില്ല.
അനധികൃതമായി കോടതിഹാളിലെത്തി കുട്ടിയോട് സംസാരിക്കാന്‍ ധൈര്യം കാട്ടിയ അഭിഭാഷകന്‍ കോടതിയോടും കുട്ടിയോടും നീതികേടാണ് കാട്ടിയത്. തുടര്‍ന്നാണ് രജിസ്ട്രിയോട് ആ അഭിഭാഷകനെ കണ്ടെത്താന്‍ ഉത്തരവിട്ടത്. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍, ബാര്‍ കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെ സഹായം തേടാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിക്കാരായ മാതാപിതാക്കളോട് മീഡിയേഷന്‍ സെന്ററില്‍ ഹാജരാകാനും നിര്‍ദേശിച്ചു. വിഷയം 19-ന് വീണ്ടും പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates