

കൽപ്പറ്റ: ഒന്നിനുപിന്നാലെ എത്തിയ ദുരന്തം സമ്മാനിച്ച തീരാവേദനയിൽ നിന്ന് ശ്രുതി പതുക്കെ നടന്നു തുടങ്ങുകയാണ്. വീടും ഉറ്റവും പ്രിയതമനും നഷ്ടപ്പെട്ട ശ്രുതി ജീവിതത്തിൽ ഇന്ന് പുത്തൻ തുടക്കമിടുകയാണ്. സർക്കാർ ജോലിയിൽ ഇന്ന് പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് സർക്കാർ ജോലി നൽകിയിരിക്കുന്നത്. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റിൽ തന്നെയാണ് നിയമനം. രാവിലെ 10ന് കളക്ടറേറ്റിൽ എത്തി ജോലിയിൽ പ്രവേശിക്കും.
സർക്കാർ ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. മുന്നോട്ടുപോയി ജീവിക്കാനുള്ള ഒരു കൈത്താങ്ങ് ആയതുകൊണ്ട് സന്തോഷമുണ്ട്. സർക്കാർ വാക്ക് പാലിച്ചു. എല്ലാവരും നന്ദി പറയുകയാണെന്നും ശ്രുതി പറഞ്ഞു.
വയനാട് ഉരുൾപ്പൊട്ടലിൽ ശ്രുതിക്ക് മാതാപിതാക്കളേയും സഹോദരിയേയും നഷ്ടപ്പെടുകയായിരുന്നു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. ഉറ്റവരെ ഒന്നാകെ നഷ്ടപ്പെട്ട ദുരന്തത്തിൽ ശ്രുതിക്ക് താങ്ങായി നിന്നത് പ്രതിശ്രുത വരൻ ജെൻസൺ ആയിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷമുണ്ടായ വാഹനാപകടത്തിൽ ജെൻസനും വിടപറഞ്ഞു. അപകടത്തിൽ കാലിന് പരിക്കേറ്റ ശ്രുതി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates