

മലപ്പുറം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് സിപിഎം നേതാവ് എ വിജയരാഘവന്‍. അഞ്ഞൂറ് ആളുകളെ എവിടെനിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണെന്ന് സമരത്തെക്കുറിച്ച് എ വിജയരാഘവന്‍ പറഞ്ഞു. എടപ്പാള്‍ കാലടിയിലെ ടി പി കുട്ടേട്ടന്‍ അനുസ്മരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ആശകളെ നിയമിച്ചത് പ്രധാനമന്ത്രിയാണ്. സമരം നടത്തേണ്ടത് മോദിക്കെതിരായിട്ടാണ്. അവരെ പിഎസ് സി നിയമിച്ചതാണോ?. അവര്‍ സര്‍ക്കാര്‍ ജീവനക്കാരല്ല. കളവ് പ്രചരിപ്പിച്ച് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ഏറ്റവും സാധാരണക്കാരെ ഉപയോഗിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
സമരം നടത്തുന്നവര്‍ ഉടന്‍ പോകുകയൊന്നുമില്ല. ആറ് മാസത്തെ സമരമാണ്. ആശ കഴിഞ്ഞാല്‍ അങ്കണവാടിയില്‍ നിന്നുള്ളവരെ പിടിച്ചുകൊണ്ടിരുത്തും. പിന്നെ വേറെ ആരെയെങ്കിലും കൊണ്ടിരുത്തും. പാവപ്പെട്ട മനുഷ്യരെ തന്നെ കൊണ്ടിരുത്തി പണം കൊടുത്ത് ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള സമരത്തിന്റെ ആയുധമാക്കുന്ന ഗൂഢാലോചന കേരളത്തില്‍ നടക്കുകയാണ്. മൂന്നാമതും ഇടതുപക്ഷ ഭരണം വരാതിരിക്കാന്‍ ആണിതെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഇവിടെ പത്ത് ഇരുപതിനായിരം ആശമാര്‍ ഉണ്ട്. സമരത്തില്‍ അഞ്ഞൂറ് ആശമാരേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ നാളെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയ്ക്ക് പോകും. നാളെ രാവിലെ ഡല്‍ഹിയിലെത്തുന്ന വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കണ്ട് ആശമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ധരിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates